Thursday, March 08, 2007

തണുത്ത ചിന്തകള്‍ - മാര്‍ - ജാരന്‍

ബോറിസ് ഇവാനോവിച്ചിന്‍റെ സ്വൈര്യവും ഏകാന്തവുമായ ജീവിതത്തില്‍ ആദ്യമൊരു കല്ലുകടിയായെത്തിയത് ഒരു പെണ്‍ പൂച്ചയായിരുന്നു. അയാളാകട്ടെ, അക്കാലത്ത് ഏകാന്തത മടുത്തു എന്ന ന്യായീകരണത്തിലൂന്നി വിവിധ തരം മദ്യങ്ങളും അതിനു ചേര്‍ന്ന സംഗീതങ്ങളും രുചിച്ച് നോക്കി കാലം തള്ളിനീക്കുകയായിരുന്നു. തോരാതെ മഞ്ഞ് പെയ്യുന്ന ഒരു രാത്രിയില്‍ അയാളുണരുമ്പോള്‍ നനവേറുന്ന ഒരു ചൂടുമായി അത് അരികിലുണ്ടായിരുന്നു. കറുത്ത്, എല്ലിച്ച്, ഒറ്റച്ചെവിമാത്രമുള്ള ഒരു പെണ്‍പൂച്ച.എന്തെന്നില്ലത്ത അധികാരവുമായി തന്‍റെ ജീവിതത്തെ ആക്രമിച്ച അത് അയാള്‍ക്കുണ്ടാക്കിയ ധാര്‍മിക പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ലായിരുന്നു.


ബോറിസും അയാളുടെ വൃദ്ധയായ അമ്മയും പൂച്ചകളെ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.സോവിയറ്റ് കാലഘട്ടത്തില്‍ പതിച്ച് കിട്ടിയ നഗരമദ്ധ്യത്തില്, ഉയരത്തില്‍ സീലിങ്ങുള്ള ആ രണ്ട്മുറിക്വാര്‍ട്ടറില്‍ അവര്‍ തനിച്ചായിരുന്നു.അയാളുടെ അച്ചന്‍ നാസിയുദ്ധത്തില്‍ മരിച്ച് പോയില്ലായിരുന്നെങ്കില്‍ അവര്‍ക്ക് അങ്ങനെ ഒരു കിടപ്പാടം പോലും ഉണ്ടാകുമായിരുന്നില്ല.


ഒരു ദിവസം മുഴുവന്‍ നീണ്ട, വിളറിയ ചിന്തകള്‍ക്കു ശേഷം അയാളതിനെ പോറ്റാന്‍ തന്നെ തീരുമാനിച്ചു.സ്റ്റോര്‍മുറിയില്‍ നിന്നും ഇടക്കെത്തിനോകാറുള്ള എലികളെകുറിച്ച് വരെ പറഞ്ഞിട്ടും തള്ളക്ക് (അങ്ങനെയായിരുന്നു അയാള്‍ അമ്മയെ വിശേഷിപ്പിച്ചിരുന്നത്) അത് സ്വീകാര്യമായിരുന്നില്ല.എങ്കിലും തന്‍റെ ചൂട് പങ്കിടാന്‍ ആദ്യമായെത്തിയ ജീവജാലം എന്ന പരിഗണനയില്‍ അതിനെ ഉപേക്ഷിക്കുവാനും അയാള്‍ക്കായില്ല.താനും മാഷയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് തള്ളയോട് പറയാന്‍ പറ്റില്ലല്ലൊ എന്നോര്‍ത്ത് അയാളും ആശ്വസിച്ചു. (അപ്പോഴേക്കും അയാളതിന്‍റെ നാമകരണവും നടത്തിക്കഴിഞ്ഞിരുന്നു, സ്കൂള്‍ കാലത്തെ അയാളുടെ നിശ്ശബ്ദപ്രണയനായികയയയിരുന്നു മാഷ- ക്ലാസ് വില്ലന്‍ അവളെ കോണിക്കൂടില്‍ വെച്ച് ചുംബിക്കുന്നത് കാണുന്നത് വരെ-) തള്ളയാകെട്ടെ പതിവ് പോലെ സോവിയറ്റ് പോയി,ഇനി ജീവിതമില്ല എന്ന് പയ്യാരവും പറഞ്ഞ്, പെന്‍ഷന്‍ കിട്ടിയ പണമെടുത്ത് വാങ്ങിയ വിലകുറഞ്ഞ വോഡ്കയും വട്ടത്തില്‍ മുറിച്ചിട്ട കൊച്ച് കൊച്ച് കഷണം സോസേജുകളുമായി ഇരിപ്പായി.


ഒരിക്കലും അത് അടുക്കളയിലേക്ക് കടക്കാറില്ലായിരുന്നു. പലപ്പോഴും തീന്മുറിയില്‍ വിളമ്പിച്ച ഭക്ഷണം എല്ലാരും കാണ്‍കെ തന്നെ ഒരു അവകാശമെന്നപോലെ തിന്നുമായിരുന്നു.അത്കൊണ്ടൊന്നും അതിനെ ഒരു കള്ളിപ്പൂച്ചയായിക്കാണാന്‍ അയാള്‍ക്കായില്ല.തള്ളയാകട്ടെ അതിനെ സ്ഥിരമായി ചൂല് കൊണ്ടടിക്കുകയും “ഇറങ്ങിപ്പോ, അസത്ത്, ഇനിയിവിടെ കണ്ട് പോകരുത്” എന്നിങ്ങനെ ആക്രോശിക്കുകയും ചെയ്യുമായിരുന്നു.അതൊന്നും അതിനെ ആ വീടുമായി അകറ്റിയില്ല. തള്ളയുടെ ശല്യം സഹിക്കാതായപ്പോള്‍ പകല്‍ സമയങ്ങളില്‍ വിട്ട് നിന്നു എന്നു മാത്രം.അയാള്‍ ഒരിക്കലും അതിനെ ഒന്നു ലളിക്കുകയോ ഒര് നുള്ള് ഭക്ഷണം കൊടുക്കുകയോ ചെയ്തിട്ടില്ലായിരുന്നു.എന്നിട്ടും വൈകുന്നേരമാകുമ്പോള്‍ ഒരു കള്ളച്ചിരിയുമായി അത് ആ വീട്ടില്‍ തിരിച്ചെത്തുമായിരുന്നു.


വെളിയില്‍, ക്വാര്‍ടറിന് മുന്നിലുള്ള ലെനിന്‍റെ പ്രതിമവെച്ച കൊച്ച് പാര്‍ക്കില്‍ മറ്റ് പൂച്ചകള്‍ക്കൊപ്പം അതിനെ കാണുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത പോലെ അയാള്‍ പൂച്ചകളുടെ ലിംഗനിര്‍ണയം നടത്താന്‍ തുനിയുമായിരുന്നു.എങ്ങിനെയെന്നറിയില്ല,അപ്പോഴൊക്കെ അയാളുടെ നാസദ്വാരങ്ങള്‍ ഒരു ജാരന്‍റെ മണം പിടിക്കാനെന്ന പോലെ വികസിക്കും. എന്തായാലും അയാളുറങ്ങാന്‍ നേരത്ത് കിടക്കക്കരികില്‍ അതുണ്ടാകുമായിരുന്നു.ചിലപ്പോളെക്കെ അയാളുടെ ശരീരത്തില്‍ ഒരു വൃത്തികെട്ട ആഭരണം കണക്കെ അത് കിടന്നു മറിയുകയും ചെയ്യുമായിരുന്നു.


ഏതാനും മാസങ്ങള്‍ക്ക് ശേഷം അയാളുടെ മുറിയില്‍, മുഷിഞ്ഞ വസ്ത്രങ്ങള്‍ കൂട്ടിയിട്ട് മൂലയില്‍ ആറ് ജാരസന്തതികള്‍ പിറന്ന് വീണു.ആദ്യമയാള്‍ക്ക് തോന്നിയത് കടുത്ത നിരാശയായിരുന്നു.പിന്നെ അയാള്‍ നിറങ്ങള്‍ ‍കൊണ്ട് പിത്റ്നിര്‍ണയം നടത്താന്‍ ഒരു വിഫല ശ്രമവും നടത്തി. ആ ക്വാര്‍ടര്‍ സമുച്ചയത്തില്‍ അയാളിന്ന് വരെ കണ്ടിട്ടുള്ള പൂച്ചകളുടെയെല്ലാം ഒരു വര്‍ണസങ്കരമായിരുന്നു അവ. പിന്നെ അവറ്റകളോട് എന്തെന്നില്ലാത്ത വാത്സല്യം തോന്നിത്തുടങ്ങി.അക്കാലത്ത് ജോലിപോലും മാറ്റിവെച്ച് ഇറുക്കിപ്പിടിച്ച കണ്ണുകളുമായുറങ്ങുന്ന പൂച്ചക്കുഞ്ഞുങ്ങളേയും, തള്ളപ്പൂച്ചയുടെ ചുരന്ന് ചാടിയ മുലകളും നോക്കിയിരിക്കുമായിരുന്നു.


ഇടക്കിടെ ആ കുഞ്ഞുങ്ങളില്‍ ഓരോന്നോരോന്ന് വീതം അവ മുഴുവനും അപ്രത്യക്ഷയമായി.ഓരോ ദിവസവും അത് മുന്നിലെത്തുമ്പോള്‍ അതിന്‍റെ കറുത്തിരുണ്ട മുഖത്ത് അങ്ങിങ്ങായി പറ്റിപ്പിടിച്ചിരിക്കുന്ന നനുത്ത രോമങ്ങള്‍ അയാള്‍ക്ക് തിരിച്ചറിയാമായിരുന്നു.എന്നിട്ടും എന്തിനെന്നറിയാതെ അയാള്‍ സംനയനം പാലിച്ചു.


വേനല്‍ അതിന്‍റെ ഉച്ചസ്ഥായിയിലെത്തിയ നാളുകളില്‍, ഇരുളാത്ത ഒരു രാത്രിയില്‍ അത് തിരിച്ചെത്തിയില്ല.വിശേഷിച്ചൊന്നും സംഭവിക്കാത്ത പോലെ അന്നുറങ്ങാന്‍ കിടന്നെങ്കിലും അയാള്‍ക്ക് ശരിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.തീര്‍ച്ചയായും അത് അടുത്ത ദിവസം വന്ന് ചേരുമെന്നും വീണ്ടും തന്‍റെ കിടക്കയില്‍ കെട്ടിമറിയുന്നുമെന്നും പ്രതീക്ഷിച്ച് അന്ന് ജോലിക്ക് പോലും പോകാതെ അയാള്‍ കാത്തിരുന്നു.പക്ഷെ അന്നും വിശേഷിച്ചൊന്നും സംഭവിച്ചില്ല.


പിറ്റേന്ന് പതിവിലും നേരത്തെ ഉണര്‍ന്ന അയാള്‍ അന്നാട്ടിലെ ആണ്‍പൂച്ചകളെയെല്ലാം തിരഞ്ഞ് പിടിച്ച് പരിശോധിച്ചു.അതില്‍ ഒന്ന് പോലും കുറവുണ്ടായിരുന്നില്ല. അന്നാട്ടിലെ തന്‍റെ കാമുകന്മാരെയെല്ലാം പറ്റിച്ച്, പരദേശിയായ ഒരു മാര്‍ജാരന്‍റെ കൂടെ ഒളിച്ചോടിയെന്ന് നിഗമിക്കുവാന്‍ അതില്‍ കൂടുതല്‍ തെളിവുകളൊന്നും വേണ്ടായിരുന്നു. അന്നാട്ടിലെ ആണ്‍പൂച്ചകളുടെ മുഖങ്ങളിലെല്ലാം വഞ്ചിക്കപ്പെട്ടവന്‍റെ ജാള്യം നിറഞ്ഞ് നിന്നിരുന്നു താനും.


പിന്നെ അയാള്‍ക്കൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അയാള്‍ കിട്ടിയ പെണ്‍പൂച്ചകളെയെല്ലാം അടിച്ച് കൊന്ന് ഇറച്ചിയാക്കി, പൊരിച്ച ഇറച്ചിക്കഷണങ്ങള്‍ അവിടത്തെ ആണ്‍പൂച്ചകള്‍ക്കെറിഞ്ഞ് കൊടുത്തു. അതെല്ലാം തീക്ഷണമായ ആര്‍ത്തിയോടെ അകത്താക്കി, ഇന്നുവരെ പടിച്ച ജീവശാസ്ത്രത്തിലില്ലാത്ത,അറപ്പുളവാക്കുന്ന സ്രവവും പുറപ്പെടുവിച്ച് വൃത്തികെട്ട നോട്ടവുമെറിഞ്ഞ് ഒരേ താളത്തില്‍, ഒരേ രാഗത്തില്‍ വിധേയത്വമുറ്റിനില്‍ക്കുന്ന സ്വരത്തില്‍ ഒന്നിച്ച് പാടാന്‍ തുടങ്ങി.
മ്യാവൂ..........

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

issue tracker | agile | bug tracking software | help desk

posted by സ്വാര്‍ത്ഥന്‍ at 3:09 PM

0 Comments:

Post a Comment

<< Home