Tuesday, October 31, 2006

തണുത്ത ചിന്തകള്‍ - നവമ്പര്‍

URL:http://thanuppan.blogspot.com/2006/11/blog-post.htmlPublished: 11/1/2006 10:30 AM
 Author: തണുപ്പന്‍
നിനക്കാത്ത നേരത്ത്, ഒരു നവമ്പറിലായിരുന്നു ഓര്‍മ്മയിലെ ആദ്യത്തെ മഞ്ഞ് വീഴുന്നത്. ഒരുച്ചയുറക്കം കഴിഞ്ഞുണര്‍ന്നപ്പോള്‍ ചുറ്റും വെള്ളപുതച്ച് കിടന്ന ലോകം തെല്ലെല്ലാത്ത ഒരമ്പരപ്പായി നിറഞ്ഞു.ആപാദചൂഡം മഞ്ഞില്‍ പുതച്ച് നില്‍ക്കുന്ന മരങ്ങളും മനുഷ്യരും. ആദ്യമൊക്കെ മഞ്ഞിന്‍റെ താളത്തിലേക്കലിഞ്ഞ് ചേരാന്‍ ഇത്തിരിയൊന്ന് ക്ലേശിച്ചു. പതുക്കെ മഴപോലെ തന്നെ ആഞ്ഞ് പെയ്യുന്ന സൌന്ദര്യം മഞ്ഞിലും കാണാന്‍ തുടങ്ങി.മറന്ന് വെച്ച മഴയുടെ ഗൃഹാതുരത്വം മഞ്ഞായി പുതുജീവനെടുക്കുകയാണുണ്ടായത് .

സത്യത്തില്‍ മഞ്ഞിനോടെന്ന പോലെ മാറിവരുന്ന എല്ലാ ഋതുഭേദങ്ങളോടും എന്നും എന്‍റെ വികാരം തീക്ഷ്ണമായ പ്രണയം തന്നെയായിരുന്നു. എന്നാലും ആദ്യമഞ്ഞിന്‍റെ ഓര്‍മ്മകളില്‍ ഞാന്‍ നവമ്പറിനെ സ്നേഹിച്ച് കൊണ്ടേയിരുന്നു. കാലുറക്കാത്ത നടവഴികളേയോ വളയത്തിനൊത്ത് തിരിയാത്ത പാതകളേയോ ഒരിക്കലും പഴിക്കാന്‍ എനിക്ക് തോന്നിയില്ല, അത്രയും ഞാനതിനോട് കീഴ്പെട്ട് പോയിരുന്നു.

മറ്റൊരു മഞ്ഞുകാലത്തിന്‍റെ തുടക്കത്തിലാണ്,മറവിപിടിച്ച ഒരു ലഹരിയില്‍ ഞാനാദ്യമായി മഞ്ഞിനെ ചുംബിച്ചു.നിര്‍ഭാഗ്യം(?) ആദ്യത്തെ ചുംബനം ആദ്യത്തെ പ്രണയമായില്ല.

അക്കാലത്തുമല്ല ഞാന്‍ മഞ്ഞിനെ സ്നേഹിച്ച് തുടങ്ങിയത്. തൊട്ടടുത്ത മഞ്ഞ് കാലത്തോടൊപ്പം എന്നില്‍ വിരിഞ്ഞ വസന്തമായിരുന്നു എന്നെ മഞ്ഞുമായടുപ്പിച്ചത്.മഞ്ഞ് പിടിച്ചതെന്തിലും ഞാനോരോ വെളുത്ത പൂക്കളെ കണ്ട് തുടങ്ങി.

‘ഇത് മുല്ല, ഇത് പിച്ചകം, ഇത് നന്ത്യാര്‍വട്ടം”
ഞാന്‍ കാട്ടിക്കൊടുത്ത പൂക്കളെല്ലാം എന്‍റേത് മാത്രമായി. ചുറ്റും വലിയ യന്ത്രങ്ങള്‍ എന്‍റെ മഞ്ഞ് പൂക്കളെ കോരിയെടുത്ത് വലിയ ട്രക്കുകളിലേക്ക് തട്ടി.


ദൈവത്തിന്‍റെ കലണ്ടറില്‍ മറ്റൊരു കൊല്ലത്തിന്‍റെ നവമ്പര്‍ മരണത്തിന്‍റെ മാസമായിരുന്നു.ഓരോ മനുഷ്യനുമെന്ന പോലെ ദൈവത്തിനും ഒരു കലണ്ട്റുണ്ടത്രേ, അതില്‍ താളുകള്‍ മറിക്കുമ്പോള്‍ പ്രണയവും വിരഹവും പൂക്കളും പഴുത്തിലകളും കരിയിലകളും മഞ്ഞും, കാറ്റും മഴയും ജനനവും മരണവും.....പറഞ്ഞ് തീരും മുമ്പേ ആ നവമ്പറിനെ സാക്ഷിനിര്‍ത്തി, ചെറിയ കാലയളവിലെ വലിയ സൌഹൃദം ബാക്കിവെച്ച്, അവന്‍ അകലങ്ങളിലേക്ക് പോയിരുന്നു.അന്നാ സുഹൃത്തിന്‍റെ വിയോഗത്തില്‍ അനുതപിക്കാന്‍ അലങ്കരിച്ച മേശക്ക് ചുറ്റും കൊച്ചു കൊച്ച് ഗ്ലാസുകളുമായി ഞങ്ങളിരുന്നു. മരണം ‘ആഘോഷി‘ക്കുന്നതിന് കറുത്ത വസ്ത്രം വേണമെന്ന് എനിക്കന്ന് വരെ അറിയില്ലായിരുന്നു.എന്‍റെയുള്ളിലെ മരണം എന്നും വെളുത്ത വസ്ത്രങ്ങളും തുളയുള്ള ശിരോവസ്ത്രവുമണിഞ്ഞതായിരുന്നു. കറുത്ത വസ്ത്രത്തിന്‍റെ അഭാവം ആ മേശയില്‍ എന്നെ ജാള്യനും നിശ്ശബ്ദനുമാക്കി. അതേ മേശക്ക് മറ്റൊരു കോണിലെ പൂച്ചക്കണ്ണുകള്‍ എന്നെ പിന്തുടരുന്നത് ഞാനറിഞ്ഞിരുന്നില്ല.

അതേ മഞ്ഞ് കാലം ആ പൂച്ചക്കണ്ണുകളെന്‍റേതാക്കിമാറ്റി.ആ കണ്ണുകളുടെ തെളിമ എന്‍റെ കാഴ്ചക്ക് മേലെ തിമിരം പോലെ പടര്‍ന്നു.അടര്‍ത്തിമാറ്റാന്‍ തുനിഞ്ഞപ്പോഴൊക്കെ സ്വയം പറഞ്ഞു, ഇനിയും ഒരു മഞ്ഞ് കാലമാകട്ടെ.
അതൊരു സത്യമായിരുന്നു. അറം പറ്റിയ സത്യം.

മറ്റൊരു മഞ്ഞ് കാലത്ത്, ജനലിനും കട്ടിളക്കുമിടയില്‍ കടലാസും പഞ്ഞിയും ചേര്‍ത്തൊട്ടിക്കാന്‍ മറന്ന് പോയ സൂക്ഷ്മ ദ്വാരങ്ങളിലൂടെ ചൂളമടിച്ച് കയറുന്ന കൊടും തണുപ്പിന്‍റെ കാറ്റേറ്റ് കിടക്കുമ്പോഴാണ് ഏകസഹോദരിയുടെ വിവാഹക്കാര്യം ചെവിയിലെത്തുന്നത്.സുഹൃത്തെന്നോ സഹോദരിയെന്നോ ആദ്യ വിശേഷിപ്പിക്കേണ്ടതെന്നറിയാത്ത അവളുടെ വിവാഹം ആദ്യം വിരിഞ്ഞ ആനന്ദാശ്രുവുമായി അന്നത്തെ മഞ്ഞിനൊപ്പം പെയ്തൊഴിഞ്ഞു.

ഓര്‍മ്മകളില്‍ മഞ്ഞ് കാലത്തോട് ഞാനൊരിക്കലേ പിണങ്ങിയിട്ടൊള്ളൂ.അക്കാലങ്ങളില്‍ മഞ്ഞിന് ഇന്നേക്കാളും കടുപ്പമുണ്ട്.ആഗോളതാപനം അതിനെയുരുക്കാന്‍ മാത്രം കഠിനപ്പെട്ടിട്ടില്ലായിരുന്നു.ഓര്‍ക്കാനറക്കുന്ന കാലം.കനമേറിയ ബൂട്ടുകള്‍ കൊണ്ട് വെറുതെ ഞാന്‍ മഞ്ഞ് കട്ടകളെ ചവട്ടിയരച്ച് കൊണ്ടിരുന്നു.അത് യുവത്വമായിരുന്നത്രേ! ഒരു മഞ്ഞ് കാലത്ത് , ഒരു സുരതത്തിന്‍റെ ആലസ്യത്തില്‍ അലിഞ്ഞൊലിക്കുന്ന മഞ്ഞ് മലകളുടെ നിമ്നോന്നതികളില്‍ ചേര്‍ന്ന് കിടക്കുമ്പോഴാണ് അതേ സഹോദരിയുടെ വിവാഹമോചനം ഒരു ഞെട്ടലായി ഞാനറിയുന്നത്.മഞ്ഞ് മലകളുടെ കഥകള്‍ക്ക് ചെവികൊടുക്കാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ആദ്യമായി ഭാഷയോടും ദേശത്തോടും അന്യത തോന്നി.മഞ്ഞിനോടും.ആദ്യത്തെ വെറുപ്പ്.

പിന്നെ നേട്ടങ്ങളുടെ മഞ്ഞുകാലം, ദേശാന്തരങ്ങളിലെ വിലാസങ്ങളും ആസ്വദിക്കപ്പെട്ടിരുന്ന തിരക്കും എന്നെ അഹങ്കാരിയാക്കിയതില്‍ മഞ്ഞ് കാലത്തെ കുറ്റം പറയാതിരിക്കൂ.

മണ്മറഞ്ഞ സുഹൃത്ത് ദൈവത്തിന്‍റെ മഞ്ഞ് കാല കലണ്ടര്‍ മാത്രം എനിക്കായി മാറ്റിവെച്ചു.പെയ്യുന്ന മഞ്ഞിനോടൊപ്പം സന്തോഷവും സന്തോപവും ഒരു ചലച്ചിത്രത്തിലെന്ന പോലെ വന്നും പോയും കൊണ്ടിരിക്കുന്നു. എല്ലാ വികാരങ്ങളും ഒരു പ്രത്യേകതാളത്തില്‍ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും എന്നറിയാന്‍ പിന്നേയും കുറേ മഞ്ഞ് കാലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. കൊടും ശൈത്യത്തില്‍ ശ്രദ്ധയോടെ വസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചത് മഞ്ഞിനെ വെല്ലുവിളിക്കാന്‍ അശക്തനായത് കൊണ്ടായിരുന്നു. ഋതുഭേദങ്ങളെ പ്രകൃതി തരുന്ന പോലെ ഉള്‍ക്കൊള്ളാന്‍ ആവും പോലെ ഞാന്‍ ശ്രദ്ധിച്ചു.

ആയിടക്കാണ് സമാനചിന്താഗതിക്കാരും മഞ്ഞിനെ സ്നേഹിച്ചവരുമായ ഒരു പറ്റം മൈക്രോബുകള്‍ എന്നെ കണ്ടെത്തുന്നത്. ആ മഞ്ഞ് കാലത്തെ കടുത്ത നിരാശയും അതില്‍ നിന്നുടലെടുത്ത വായനയും എന്നെ ഋഷിതുല്യ നിസ്സംഗതനാക്കിമായിരുന്നു.ഏതോ പൂര്‍വ്വ ജന്മങ്ങളുടെ കഥ പറയാന്‍ ഘോഷയാത്രയായെത്തിയ മൈക്രോബുകളെ എന്‍റെ ആതിഥ്യമറിയിക്കുന്നതിന് പകരം അപമാനിച്ചിറക്കിവിടാന്‍ ഞാന്‍ തയ്യാറല്ലായില്ല. എന്‍റെ ശ്വാസകോശങ്ങളുടെ ഓരോ അറകളും ഞാനവര്‍ക്കായി തുറന്ന് കൊടുക്കട്ടെ. ഈ ആശുപത്രികിടക്കയില്‍ അധിനിവേശമില്ലാത്ത പ്രയാണമായി അവരെന്നില്‍ നിറയട്ടേ.

ഇത്രയുമായിരിക്കേ, ആശുപത്രി ജാലകങ്ങള്‍ക്കപ്പുറത്ത്, തെളിഞ്ഞ സൂര്യനേയും വകവെക്കാതെ അപ്പൂപ്പന്‍ താടി പോലുള്ള നനുത്ത മഞ്ഞ് പെയ്യാന്‍ തുടങ്ങി. ചില്ലുപാളികളെ വകവെക്കാതെ അവ താന്താങ്ങളുടെ ഏറ്റവും സമ്മതനായ ആരാധകന്‍റെ ശരീരമാസകലം പൊതിഞ്ഞു.കാലുകളില്‍ നിന്നരിച്ച് തുടങ്ങിയ തണുപ്പിനെ വകവെക്കാതെ ഏന്തിവലിഞ്ഞ് മേശക്കലണ്ടറില്‍ ഞാന്‍ ഒക്ടോബറിന്‍റെ ഏട് പറിച്ച് വലിച്ചു. വീണ്ടും ഒരു നവമ്പര്‍.
=അന്ത്യം=

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 8:17 PM

0 Comments:

Post a Comment

<< Home