Monday, October 16, 2006

ചില നേരത്ത്. - സ്വപ്നവ്യാഖ്യാനം.

URL:http://ibru.blogspot.com/2006/10/blog-post.htmlPublished: 10/16/2006 11:13 AM
 Author: ചില നേരത്ത്..
“ഉഷ്ണവാതകാറ്റ് അതിന്റെ ഉഗ്രസംഹാരശേഷിയോടെ ആഞ്ഞുവീശുന്നു. പ്രാ‍ര്‍ത്ഥനക്കിരിക്കുന്നവരുടെ
വസ്ത്രങ്ങളിലേക്കും ശരീരത്തിലേക്കും മണല്‍തരികള്‍ പടര്‍ന്ന് കയറുന്നു.വൈകി പ്രാര്‍ത്ഥനയ്ക്കെത്തിയവരായിരിക്കും അവരെന്ന് തീര്‍ച്ച.പ്രാര്‍ത്ഥനയ്ക്ക് വേണ്ട രീതിയിലല്ല അവരുടെ വസ്ത്രധാരണം.അവര്‍ക്കായി മറ്റുള്ളവര്‍ ഇടം നല്‍കാ‍ന്‍ തയ്യാറായതോടെ എനിക്കും പ്രാര്‍ത്ഥിക്കാനാകുന്നു.
പെരിങ്ങോടന്‍ കെട്ടിടത്തിന്റെ മുകളില്‍ നിലയില്‍ പ്രാര്‍ത്ഥിക്കുകയാകുമെന്ന് എന്റെ പ്രാര്‍ത്ഥനാനേരത്ത് ഓര്‍മ്മ വന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം എന്റെ അടുത്തായുണ്ടായിരുന്ന ഫിലിപ്പിന സ്ത്രീ, അവള്‍ തോളോട് ചേര്‍ന്ന റ്റീ ഷര്‍ട്ടും മുട്ടൊപ്പം വരുന്ന ട്രൌസേഴ്സ് ആയിരുന്നു ധരിച്ചിരുന്നത്, ഖുറാന്റെ പ്രതിയെവിടെയെന്നാരാഞ്ഞു. എന്റെ കയ്യിലുണ്ടായിരുന്ന ഗ്രന്ഥം രാ‍ജ്, പ്രാര്‍ത്ഥനയ്ക്ക് മുമ്പുണ്ടായിരുന്ന ധര്‍മ്മോപദേശ സമയത്ത് വായിച്ചിരുന്നത് ഞാനോര്‍ത്തു. ഫിലിപ്പിന വീണ്ടും ചോദ്യം ആവര്‍ത്തിച്ചത് അവഗണിച്ച് ഞാന്‍ പാതി അന്ധതയോടെ രാജിനെ തിരഞ്ഞ് മുകള്‍നിലയിലേക്ക് തപ്പിതടഞ്ഞ് കയറാനാരംഭിച്ചു. വിശ്വാസികളുടെ ധൃതിയിലുള്ള തിരിച്ച് പോക്ക് കാരണം എന്റെ യാത്ര ദുഷ്കരമാകുന്നു. എന്റെ താല്‍കാലികാന്ധതയ്ക്ക് കാരണമുണ്ട്. ധര്‍മ്മോപദേശ സമയത്ത് ഞാന്‍ ഉറങ്ങുകയും രാജ് അത് സശ്രദ്ധം ശ്രവിക്കുകയുമായിരുന്നു. പ്രാര്‍ത്ഥന തുടങ്ങാന്‍ നേരത്ത് ആരോ ചിലര്‍ ഉണര്‍ത്തിയപ്പോഴേക്കും മുകള്‍ നിലയില്‍ ഉള്‍ക്കൊള്ളാനാവാതെ താഴെ നിലയിലേക്ക് എനിക്ക് ഇറങ്ങേണ്ടതായും വന്നു. എനിക്ക് രാജിനെ അവിടെ ഒറ്റയ്ക്ക് നിര്‍ത്തുന്നതില്‍ ഉല്‍ക്കണ്ഠയുണ്ടായിരുന്നു. അയാള്‍ പ്രാര്‍ത്ഥനാമന്ദിരത്തില്‍ ആദ്യമായാണ്."

ഞാന്‍ പാതി അന്ധതയെ ഭയന്ന് ഉറക്കമുണര്‍ന്നു. തിരക്കിട്ട ജോലിയാണിപ്പോള്‍ പുതിയ ഓഫീസില്‍. വ്രത മാസത്തിലെ ചുരുക്കിയ ജോലി സമയത്തിനിടയ്ക്ക് തീര്‍ത്താല്‍ തീരാത്ത ജോലിയാണുള്ളത്. ഇഫ്താറിന്‍ ശേഷം മറ്റൊരു പ്രാര്‍ത്ഥനയ്ക്ക് പോകാന്‍ വയ്യാത്തത്ര ക്ഷീണിതനായിരുന്നത് കാരണം ഞാന്‍ പതുക്കെ മയങ്ങി പോയി, അത് ഒരു ഗാഢനിദ്രയിലേക്കെത്തിച്ചു. ഉണര്‍ന്നപ്പോള്‍ എന്റെ പാതി അന്ധതയില്ലായിരുന്നു. പ്രകാശമാനമായ റൂമിലെ സാമഗ്രികള്‍ എനിക്ക് കാണാനായി. ഞാന്‍ ആശ്വസിച്ച് നെടുവീര്‍പ്പിട്ടപ്പോള്‍ എന്റെ സ്വപ്നത്തിന്റെ- മുകളിലെ ഖണ്ഡികയിലെ - വ്യാഖ്യാനമെന്തായിരിക്കുമെന്ന് ഊഹിക്കാന്‍ തോന്നിയത്.
പ്രാര്‍ത്ഥനാമന്ദിരത്തില്‍ നീട്ടിയത്ത് രാജ്‌നായരെന്ന പെരിങ്ങോടന്‍.
ഈയിടെ അദ്ദേഹത്തിന് (എന്റെ പ്രിയപ്പെട്ട ബ്ലോഗ് എഴുത്തുകാരനാണദ്ദേഹം) വിശുദ്ധഖുരാന്റെ യു.ടി.എഫ് ഫോര്മാറ്റിലുള്ള മലയാളം പരിഭാഷ അയച്ച് കൊടുത്തിരുന്നു. അത് സംബന്ധിയായ സംശയനിവാരണങ്ങള്‍ക്കായി വിശ്രമ സമയത്ത്, ചില ലിങ്കുകള്‍ തെരഞ്ഞെടുത്ത് വരികയുമായിരുന്നു.അത് ആവശ്യമായി വന്നില്ലെന്നത് വേറെ കാര്യം. ആത്മീയകാര്യങ്ങള്‍ക്ക്, സംശയനിവാരണത്തിനായി സമീപിക്കാവുന്ന ബ്ലോഗറുടെ സഹായം രാജ് നേരത്തെ തേടിയിരുന്നു. പ്രാര്‍ത്ഥനാമന്ദിരത്തിലെ(മുസ്ലിം പള്ളി) അമുസ്ലിം സാന്നിദ്ധ്യം എന്ന സ്വപ്നസൂചകത്തെ വിവര്‍ത്തനം ചെയ്യുമ്പോള്‍, ഞാന്‍ ഈയിടെ വായിച്ച ഡോ. പി.കെ. പോക്കറിന്റെ ‘പള്ളികള്‍ ഇങ്ങിനെയുമാകാം’ എന്ന ലേഖനം ഓര്‍മ്മ വരുന്നു. തുര്‍ക്കിയിലേക്കും ഒമാനിലേക്കും ഈയടുത്ത് അദ്ദേഹം നടത്തിയ ഒരു യാത്രാവിവരണ ലേഖനമാണത്. തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളില്‍ പതിനേഴാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ അഹമ്മദ് നിര്‍മ്മിച്ച നീലപള്ളിയും ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് ഈയിടെ നിര്‍മ്മിച്ച ‘ഗ്രാന്റ് മോസ്കും സന്ദര്‍ശിച്ചപ്പോള്‍ അവിടെ പ്രാര്‍ത്ഥനയ്ക്കല്ലാതെ വന്നെത്തിയ അനേകം വിവിധമത വിശ്വാസികളായ സന്ദര്‍ശകരെ പറ്റി അദ്ദേഹം കേരളത്തിലെ മുസ്ലിം പള്ളികളുമായി താരതമ്യം ചെയ്യുന്നു. ആ ഓര്‍മ്മയാണ് രാജിന്റെ സ്വപ്ന സാന്നിദ്ധ്യത്തിന് വഴിതെളിയിച്ചിട്ടുണ്ടാകുക.
മണല്‍കാറ്റ്.
ഈ സൂചകം എന്റെ നിലവിലുള്ള മാനസികമായ അസ്വസ്ഥതയെ സൂചിപ്പിക്കുന്നു. ആത്മീയമായ ആശങ്ക എന്നെ ബാധിച്ചിരിക്കുന്നതും അതിന്റെ സംശയദൂരീകരണത്തിനായി ആത്മീയ തല്പരനായ ഗുരുവിനെ തേടാന്‍ കഴിയാതെയിരിക്കുന്നതിന്റെയും തീവ്രമായ മനോവിചാരമാവാം. എന്നെ തന്നെ മണലില്‍ പൊതിയുന്ന ഉഷ്ണവാതം കുറേ കൂടെ ദീര്‍ഘമായ ചിന്താസരണിയെ ആശ്രയിക്കേണ്ടിയിരിക്കുന്നു.
വേഷവിധാനത്തിലെ അശ്രദ്ധ.
പ്രാര്‍ത്ഥനക്കെത്തിയ സ്ത്രീകള്‍ ധരിച്ചിരുന്ന വസ്ത്രധാരണ രീതിയെ പറ്റി ചിന്തിക്കുമ്പോള്‍ ചില ഓറിയന്റലിസ്റ്റ് പ്രാര്‍ത്ഥനാരീതിയാണ് മനസ്സിലെത്തുന്നത്.മാസങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടിലെ മുസ്ലിം പള്ളികളിലൊന്നില്‍ വനിതാ പ്രൊഫസര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയതും അതുമായുണ്ടായ ചില സംവാദങ്ങളും ഓര്‍മ്മയിലെവിടെയോ തങ്ങി നില്‍ക്കുന്നതായി ബോദ്ധ്യപ്പെടുന്നു. പ്രാര്‍ത്ഥിക്കുന്ന മുസ്ലിംകളും പ്രാര്‍ത്ഥിക്കാത്ത മുസ്ലിംകളും എന്ന വേര്‍തിരിവ് യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒന്നാണെങ്കിലും സെപ്തംബര്‍ സംഭവങ്ങളോടെ അമേരിക്കന്‍ അന്വേഷണ ഏജന്‍സികളാണ് അത്തരമൊരു സാഹചര്യത്തെ പരാമര്‍ശിച്ചത്. ഓറിയന്റലിസ്റ്റ് ചിന്താഗതിക്കനുസൃതമായി ഇസ്ലാം മതവിശ്വാസാചാരങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ നിലവിലുള്ള ആചാരങ്ങളുടെ ഒരു പൊളിച്ചെഴുത്തുണ്ടായേക്കാം. സ്ത്രീപുരുഷന്മാര്‍ ഒന്നിച്ചുള്ള , വസ്ത്രധാരണ നിബന്ധനകളില്ലാത്ത പ്രാര്‍ത്ഥനരീതിയെ പറ്റി ചിന്തിക്കുന്നത് ഈ സ്വപ്നദര്‍ശനത്തിന് ശേഷം മാത്രമാണ്.
എന്റെ ഉറക്കവും രാജിന്റെ ഉണര്‍ച്ചയും.
ധര്‍മ്മോപദേശ സമയത്തുള്ള ഉറക്കം എന്റെ ബാല്യകാലം മുതലുള്ള ദു:ശ്ശീലമാണ്. ഈ സ്വപ്നദര്‍ശനത്തിന്റെ ഉറക്കത്തിന് മുമ്പ് ഞാന്‍ വായിച്ചിരുന്ന പുസ്തകം അഡോണിസ് എന്ന തൂലികാനാമത്തില്‍ എഴുതുന്ന അറബ് എഴുത്തുകാരനായ അലി സ‌ഈദിന്റെ ‘സൂഫിസവും സര്‍‌റിയലിസവും’ എന്ന കൃതിയില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ (1854-1891) ജീവിച്ചിരുന്ന റിംബൊ(Rimbaud) വിന്റെ കവിതകളിലെ സൂഫി ചിന്താധാരയുടെ സ്വാധീനം ചര്‍ച്ച ചെയ്യുന്ന ലേഖനമായിരുന്നു. ആത്മീയമായ ചില ഉണര്‍ത്തലുകള്‍ അന്തര്‍ലീനമായിരിക്കുന്ന സ്വപ്നമായിരുന്നു അതെന്ന് എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് അതിലേക്ക് നയിച്ച വായനയാകാം.മറ്റൊന്ന്, സാരോപദേശങ്ങളും ധര്‍മ്മചിന്തകളും സാധാരണതലത്തിനുപരിയായുള്ള വിതാനത്തിലാണ് രാജിന്റേതെന്ന് നിരന്തരമായ സംഭാഷണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ചിന്തയുമാകാം, ഞാനുറങ്ങുമ്പോള്‍ രാജ് ഉണര്‍ന്നിരിക്കുന്നുവെന്ന സൂചകം തെളിയിക്കുന്നത്.

posted by സ്വാര്‍ത്ഥന്‍ at 2:02 PM

0 Comments:

Post a Comment

<< Home