Monday, October 16, 2006

ചിതറിയ ചിന്തകള്‍ - വസന്തത്തിന്റെ ആകുലതകള്‍

"തനിക്ക്‌ താത്‌പര്യല്ലാച്ചാ ആ ചെക്കനെ ഇരുത്തി എണീച്ച്‌ പോടോ, കളീടെ രസം കളയാതെ"

കയ്യിലിരുന്ന ചീട്ട്‌ മേശയിലേക്ക്‌ വലിച്ചെറിഞ്ഞ തിരുമേനിയുടെ മുഖത്തേക്ക്‌ ഹരി മിഴിച്ചു നോക്കി. എന്താണിപ്പോള്‍ ഉണ്ടായത്‌? ഇത്‌ റമ്മി കളിയല്ലേ? 9 ജോക്കറല്ലേ? ഒന്നും മലര്‍ത്തി വെച്ചിട്ടില്ലല്ലോ? നേരത്തെ വിശാല്‍ കമഴ്‌ത്തി വെച്ച സ്പേഡ്‌ 9 കാണിച്ചതാണല്ലോ? ഓ, അത്‌ തുരുപ്പായിരുന്നോ? അപ്പോള്‍ തുരുപ്പാണോ കളി? കൃഷ്ണാ, വസന്തത്തിന്റെ ആകുലതകള്‍ നീ അറിയുന്നുവോ?

ചീട്ട്‌ പ്രവീണിനെ ഏല്‍പ്പിച്ച്‌ ഹരി കരോള്‍ബാഗിന്റെ ശിശിരത്തിലേക്കിറങ്ങി. മഞ്ഞുകാലത്തെ ഡല്‍ഹിയുടെ ചലനങ്ങളില്‍ നിറയുന്നത്‌ അമ്പാട്ടുപാടത്തെ ദേവീക്ഷേത്രത്തില്‍ മുനിഞ്ഞുകത്തുന്ന മണ്‍ചിരാതിന്റെ ആലസ്യമാവുന്നു. ഇലച്ചീന്തില്‍ ചന്ദനവും പൂവും തരുമ്പോള്‍, ശാന്തിക്കാരന്‍ കുലുങ്ങിച്ചിരിക്കുന്നു.

"അശ്വതിക്കുട്ടി മുപ്പട്ട്‌വെള്ള്യാഴ്ച്ച കുളിച്ചു തൊഴാന്‍ വരുന്ന് ഹരിക്കുട്ടന്‌ നല്ല നിശ്ശണ്ട്‌. ന്നാ, എന്നാ വെള്ള്യാഴ്ച്ചാന്നൊട്ട്‌ നിശ്ശല്ല്യേനും. ഇക്കണ്ട ദൂരൊക്ക്‌ സൈക്കിള്‌ ചവിട്ടീത്‌ ഒരു ദിവസം നേര്‍ത്തേ ആയീല്ലോ കുട്ട്യേ"

സൈക്കിളിന്റെ വീലുകളെ ബന്ധിക്കുന്ന ചങ്ങലയുടെ മര്‍മ്മരം വയനാടന്‍ കാടുകളില്‍ കാറ്റിന്റെ സംഗീതമാണെന്ന് തിരിച്ചറിഞ്ഞ ദിവസം, മനോജ്‌ കരുണയോടെ തോളില്‍ കൈവെച്ചു.

" ഹരിയുടെ കമിറ്റ്‌മെന്റില്‍ എനിക്ക്‌ സംശയമില്ല. പക്ഷേ, നാം തിരഞ്ഞെടുത്ത വഴികളില്‍ മനസ്സുറപ്പ്‌ അത്യാവശ്യമാണ്‌. മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നതിന്‌ മുന്‍പ്‌ ഹരിക്ക്‌ സ്വയം പിന്‍വാങ്ങാം. ആരും തടയില്ല, അന്വേഷിച്ചു വരില്ല, എന്റെ ഉറപ്പ്‌".

പണമില്ലാത്ത പാവങ്ങളുടെ അരക്ഷിതത്വമല്ല, പണക്കാരായ പാവങ്ങളുടെ അരക്ഷിതത്വമാണ്‌ ബൊഹീമിയന്‍സിന്‌ എന്ന് പറഞ്ഞതാരാണ്‌?

അച്ഛന്റെ അസ്ഥിത്തറയില്‍ തിരി തെളിച്ച്‌ തിരിച്ചു കയറുമ്പോള്‍, അമ്മ കാടുപിടിച്ച മൂര്‍ദ്ധാവില്‍ വിരലോടിച്ചു.

" ഒരു കല്ല്യാണം കഴിച്ചൂടേ കുട്ട്യേ? എന്റെ കാലം കഴിഞ്ഞാല്‍ ആരാ നിനക്ക്‌?"

അമ്മയുള്ളപ്പോഴും എനിക്കാരുമില്ല.

പിന്നെ, തൊടിയിലെങ്ങും പൂക്കള്‍ നിറഞ്ഞ ഒരു ഓണക്കാലത്ത്‌, ഞരങ്ങിത്തുറന്ന ഉമ്മറപ്പടി കടന്നു വന്ന ശോഷിച്ച രൂപത്തിനു മുന്നിലേക്ക്‌ അയാള്‍ ജീവിതത്തെ നീക്കിനിര്‍ത്തി.

" ഇത്‌ സീത. എന്നേക്കാള്‍ 6 വയസ്സ്‌ കൂടുതലുണ്ട്‌. ഇത്‌ പൂജ. അവളുടെ - ഇപ്പോള്‍ എന്റേയും - മകള്‍. 2 വയസ്സായി. അമ്മ അനുഗ്രഹിക്കണം".

അടര്‍ന്നു വീണ കണ്ണീര്‍ക്കണങ്ങളില്‍ വസന്തത്തിന്റെ ആകുലതകള്‍ നിറഞ്ഞു.

വിശാലമായ ശീതികരിച്ച മുറിയില്‍ അഭിനന്ദനത്തിന്റെ കൈത്താളങ്ങളുയര്‍ന്നു.

" വെല്‍ഡണ്‍ ഹരി, വീ കുഡ്‌ നോട്‌ ഹാവ്‌ കംപ്ലീറ്റഡ്‌ ദിസ്‌ പ്രൊജക്റ്റ്‌ വിത്തൌട്ട്‌ യുവര്‍ എക്സലന്റ്‌ എഫര്‍ട്ട്‌സ്‌. ഐ ആം ഗ്ലാഡ്‌ റ്റു അനൌണ്‍സ്‌ ദാറ്റ്‌ യൂ ആര്‍ ബിയിംഗ്‌ പ്രൊമോട്ടഡ്‌ റ്റു ഹെഡ്‌ അവര്‍ ഓപ്പറേഷന്‍സ്‌ വിത്ത്‌ ഇമ്മീഡിയറ്റ്‌ ഇഫക്റ്റ്‌"

സൂര്യകിരണ്‍ ബില്‍ഡിംഗിന്റെ പതിനാലാം നിലയിലുള്ള ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ വെളിയില്‍ ഡല്‍ഹിയിലെ ശിശിരം ആലസ്യം വെടിഞ്ഞിരുന്നു. നിരങ്ങിയിറങ്ങിയ ലിഫ്‌റ്റില്‍ വെളിച്ചം ഇല്ലായിരുന്നു. പന്ത്രണ്ടാം നിലയില്‍ നിന്ന് സിംഘാനിയയില്‍ ജോലി ചെയ്യുന്ന സിഗരറ്റ്‌ വലിക്കുന്ന സര്‍ദാര്‍ജി പയ്യന്‍ കയറി.

" ഹരി സാബ്‌, ക്യാ ഹാല്‍ ഹേ"

" ഠീക്‌ ഠാക്‌, മന്‍ജിത്ത്‌.."

ഒന്‍പതാം നിലയില്‍ നിന്ന് കയറിയത്‌ പൂജയല്ലേ? വെട്ടിനിര്‍ത്തിയ മനോഹരമായ മുടി ഒതുക്കി അവള്‍ കരുണയോടെ വിയര്‍ക്കുന്ന നെറ്റിയില്‍ തലോടി.

" ഡാഡ്‌, യൂ ആര്‍ ടയേഡ്‌. ഡൂ യൂ റിയലൈസ്‌ യൂ ആര്‍ ബിയിംഗ്‌ അ വര്‍ക്‍ഹോളിക്‌?"

ദേവീക്ഷേത്രത്തില്‍ മുനിഞ്ഞു കത്തിയിരുന്ന മണ്‍ചിരാതിന്‌ മിഴിവേറുന്നു. ശിശിരത്തിന്റെ ആലസ്യത്തിന്‌ മീതെ വസന്തത്തിന്റെ ആകുലതകള്‍ പറന്നേറുന്നു.

" മന്‍ജിത്ത്‌, തുമാരേ പാസ്‌ ഏക്‌ കാഗസ്‌ ഹോഗാ?"

" ഹേ നാ.. യേ ലീജിയേ സാബ്‌.."

എവിടെയാണിപ്പോള്‍? ലിഫ്റ്റ്‌ എപ്പോഴാണ്‌ നിശ്ചലമായത്‌? ഇവിടെയെന്താണ്‌ ഇത്ര തണുപ്പ്‌?

ബ്ലേസറിന്റെ പോക്കറ്റില്‍ തപ്പി മൊബൈല്‍ ഫോണ്‍ എടുത്ത്‌, സി.ഇ.ഓ യെ വിളിച്ചു.

" പ്രകാശ്‌, ആം റിസൈനിംഗ്‌"

മന്‍ജിത്തിന്റെ കയ്യില്‍ നിന്നു വാങ്ങിയ കടലാസ്‌ കൊണ്ട്‌ ഒരു കൊച്ചു തോണിയുണ്ടാക്കി. പൂജക്ക്‌ കൊടുക്കണം. എന്നാണിനി ഡല്‍ഹിയില്‍ മഴ പെയ്യുക, അവള്‍ക്കിത്‌ ഒഴുക്കി വിട്ടു കളിക്കാന്‍?

ഈ ലിഫ്‌റ്റിന്റെ വാതില്‍ ആരെങ്കിലും തുറന്നു തന്നിരുന്നെങ്കില്‍....

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 2:02 PM

0 Comments:

Post a Comment

<< Home