Sunday, July 02, 2006

എന്റെ നാലുകെട്ടും എന്റെ തോണിയും! - കൊടുങ്കാറ്റ്

ജോണിനെ ഞാന്‍ ശ്രദ്ധിച്ചത് അവന്റെ കയ്യിലെ പച്ചകുത്തിയത് കണ്ടിട്ടാണ്. രണ്ടു കയ്യിലും, തോളെല്ലുകള്‍ മുതല്‍ വിരലുകളുടെ അറ്റം വരെ പച്ചകുത്തിയ, വൈഫ് ബീറ്റര്‍ ട്ടീഷര്‍ട്ടിട്ട, നരച്ച നീല ജീന്‍സിട്ട ജോണ്‍. മെലിഞ്ഞ് കൊലുന്നനെ കവിളൊട്ടി ഒരു രോഗിയുടേതു പോലെ മുഖഛായയുള്ള ജോണ്‍.

അവന്റെ കറുത്ത നായ പലപ്പോഴും എന്റെ പുല്‍ത്തകിടിയുലൂടെ അനുവാദമില്ലാതെ ഓടി നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നായയെ തുടലില്‍ കെട്ടാതെ, കൂസിലില്ല്ലാതെ അവനും അതിന്റെ പുറകെ. അവന്റെ ആ പച്ചകുത്തി പക്ഷെ എന്നെ എന്തെങ്കിലും പറയുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു.

ഒരിക്കല്‍ ഞാന്‍ അവനെ ഒന്ന് മുഖം ചുളിച്ച് സൂക്ഷിച്ച് നോക്കി. അവനും, അവന്റെ മൂന്നു കൂട്ടുകാരും, കയ്യില്‍ നിറമുള്ള കുപ്പികളും, പൊളിഞ്ഞ് വീഴാറായ ഒരു കാറിന്റെ മുകളില്‍ ഇരുന്ന് വല്ല്ലതെ ഒച്ചയുണ്ടാക്കുന്നത് എന്നെ അലസോരപ്പെടുത്തിയിരുന്നു. എന്റെ മുഖഭാവം കണ്ടിട്ടെന്നോണം കയ്യില്‍ ഇരുന്ന ഒരു സ്പാന്നര്‍ അവന്‍ ആകശത്തേക്ക് എറിഞ്ഞ് പിടിച്ച് കളിച്ച് കൊണ്ടിരുന്നു.അവന്റെ ഉറക്കെയുള്ള ചിരി ഓരൊ തവണ കയ്യില്‍ സ്പാന്നര്‍ വന്ന് വീഴുമ്പോഴും കൂടിക്കൊണ്ടും ഇരുന്നു. അവന്റെ കയ്യിലെ പച്ചകുത്തിയത് ഓര്‍മ്മിപ്പിക്കുന്ന ചിരി.

പിന്നീടവനെ എന്റെ വീടിന്റെ ഉമ്മറത്ത് കയ്യില്‍ കുറച്ച് വെള്ള കടലാസ്സുകെട്ടുകളുമായി ഞാന്‍ കണ്ടു.
"ഈഫ് യൂ നീഡ് എ ഹാന്റിമാന്‍.." അവന്‍ തന്ന ആ കടലാസ് കൈയ്യില്‍ പിടിച്ച്, അവന്റെ പച്ച കുത്തിയ കൈയ്യുടെ മുകളിലേക്ക് നോക്കി അലക്ഷ്യമായ ഒരു ചിരി വരുത്തി ഞാന്‍ വേഗം എന്റെ കതകിന് സാക്ഷ ഇട്ടു. കതകിനു പുറകില്‍ അവന്‍ തന്ന കടലാസ്സ് ഞാന്‍ ചുരുട്ടിക്കൂട്ടി. അവന്റെ കണ്ണുകള്‍ കാണാതിരിക്കുവാന്‍ ഞാന്‍ മന:പ്പൂര്‍വ്വം ശ്രദ്ധിച്ചിരുന്നു.

അലസതയിലേക്ക് വഴുതി വീഴാന്‍ തയ്യാറെടുക്കുന്ന ഒരു വെള്ളിയാഴ്ചയില്‍,
“എടീ, മോട്ടര്‍ നന്നാക്കന്‍ ഒരാളെ കിട്ടി. അന്‍പതു ഡോളറിന് പണി ചെയ്തു തരാമെന്ന്. അല്ലെങ്കില്‍ പത്തിരുന്നൂറ് രൂപ പോയിക്കിട്ടിയേനെ.” ഓഫീസില്‍ നിന്ന് വന്ന് വസ്ത്രം മാറി, ചായ കുടിക്കുന്നതിനടയില്‍ ഭര്‍ത്താവ് പറഞ്ഞു.

“ആരു?”

“നമ്മുടെ വീടിന്റെ അടുത്തുള്ള ഒരാള്‍ തന്നെ. ചെറിയ പണികള്‍ ഒക്കെ ചെയ്യുമത്രെ.”

“ഇവിടേയൊ? ഇവിടെ അങ്ങിനെ ഉള്ളവര്‍ താമസിക്കുന്നുണ്ടൊ?”

“ചിലപ്പൊ ഒരു ഹോബി ആയിരിക്കും. എന്തായാലും നന്നായി. ഞായറാഴ്ച വരുമത്രെ.”


മദ്യത്തിന്റെ മണമുള്ള ശനിയാഴ്ചകളില്‍ പതിവുപ്പോലെ ഒരു പാര്‍ട്ടി കഴിഞ്ഞ് വീടെത്തിയിപ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു.
“എടീ, അയാളുടെ അപ്പന്‍ വക്കീലാണെന്ന്. ആ ഹമ്മര്‍ കിടക്കുന്ന വീടില്ലെ?...” മുകളിലോട്ട് എറിയുന്ന സ്പ്നാറില്‍ തട്ടി സൂര്യന്‍ പ്രതിഫിലിക്കുന്നത് എന്റെ മനസ്സില്‍ തെളിഞ്ഞു.

“അവനെ അയാള്‍ എടുത്ത് വളര്‍ത്തിയതാണത്രെ. ഒരു പാട് മോശം സ്ഥലങ്ങളില്‍ അവന്‍ വളര്‍ന്നിട്ടുണ്ടെന്ന്.”
ആ സ്പാനര്‍ അവന്‍ കൈകളില്‍ അനായാസമായി പിടിച്ചെടുക്കുന്നു.

“ആ മൊത്തം കറമ്പന്‍മാരുടെ ഏരിയ ഇല്ലേ? ആ ബീച്ചിന് ഇപ്പറം.അവന്‍ ഒരേയൊരു വെള്ളക്കാരന്‍ മാത്രമായിരുന്നത്രെ അവിടെ. അവനെ അവര്‍ ഒത്തിരി ഉപദ്രവിക്കുമായിരുന്നു എന്ന്” സ്പാനര്‍ കൈകളിലേക്ക് വീഴുമ്പോള്‍ അവന്റെ ചിരി കൂടുതല്‍ ഉച്ചത്തിലാകുന്നു.

“അവന് വെറും മുപ്പത്തിമൂന്ന് വയസ്സാണെന്ന് ...”

“ഈ രാജ്യത്ത് അവന്റെ അപ്പന്റെ കൂടെ ഒരു മുപ്പത്തിമൂന്ന് വയസ്സുകാരന്‍ താമസിക്കുന്നുവൊ?” മുറിയില്‍ അലസമായി കിടന്നിരുന്ന പത്രം മടക്കി വെച്ചു. “അവരെക്കൊണ്ടൊക്കെ പണി ചെയ്യിപ്പിക്കണോ?”

“പോടീ,അവളുടെ ഒരു പേടി”


മോട്ടര്‍ ഓടുന്ന ശബ്ദം കേട്ടു പാതി മയക്കത്തില്‍ നിന്ന് ഞാന്‍ ഞെട്ടി എഴുന്നേറ്റു. ഉച്ച വെയിലിനെ കാര്‍‍മേഘങ്ങള്‍ പൊതിഞ്ഞിരിക്കുന്നു. സമയം രണ്ടര. പതിയെ കുളിമുറിയുടെ ജനലിനരുകിലേക്ക് അവരുടെ സംസാരം ശ്രദ്ധിക്കുവാന്‍ ഞാന്‍ നീങ്ങി നിന്നു.

“താങ്ക്സ് മാന്‍..”

“എനി ട്ടൈം..കോള്‍ മീ ഇഫ് യൂ നീഡ് എനി ഹെല്പ്”

“ഓക്കെ.ബട്ട് പ്ലീസ് ഡോണ്ട് വിഷ് ഫോര്‍ ദ ഹറിക്കേന്‍സ് മാന്‍..”

“നോ വേ! ഐ വാണ്ട് ദെം” അവന്റെ ചിരി മോട്ടറിന്റെ അലസോരപ്പെടുത്തുന്ന ശബ്ദത്തെ മറച്ചു.

“കഴിഞ്ഞ കൊടുങ്കാറ്റില്‍ അവന്‍ നിറയെ പൈസ ഉണ്ടാക്കിയെന്ന്. ഒരു പാട് പേര്‍ക്ക് ഹറിക്കേന്‍ ഷട്ടര്‍ ഇടാനും മോട്ടര്‍ നന്നാക്കാനുമൊക്കെ അവനും അവന്റെ അനിയനും കൂടെ സഹായിച്ചു.”

“അതുകൊണ്ട് ഇനിയും ഇവിടെ പത്ത് പതിനൊന്നെണ്ണം എങ്കിലും വീശട്ടെ എന്നാണത്രെ അവന്‍ പ്രാര്‍ത്ഥിക്കുന്നത്.”

അവന്റെ നീളമുള്ള വിരലുകളില്‍ പച്ച നിറമുള്ള ചെറുതായി നനഞ്ഞ നോട്ടുകള്‍ .“ഹെല്ലൊ മേം! ഇഫ് മൈ ഡോഗ് ഗിവ്സ് യൂ എനി മോര്‍ ട്രബിള്‍ ലെറ്റ് മീ നോ, ഹീ ഈസ് ഹാംലെസ്സ് ”

അവന്റെ കുഴിഞ്ഞ നീല കണ്ണുകളിലേക്ക് നോക്കി ഞാന്‍ ചിരിച്ചു...

“സീ യൂ ...ബട്ട് നോ മോര്‍ ഹറിക്കേന്‍സ്...”

“അഹഹ്ഹ..നോ മേം, ഐ ലിവ് ബൈ ദെം.”

posted by സ്വാര്‍ത്ഥന്‍ at 10:07 PM

0 Comments:

Post a Comment

<< Home