Tuesday, May 23, 2006

എന്റെ ലോകം - ഹിന്ദു ലേഖനത്തെ കുറിച്ചു്

ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച Express yourself, go blog എന്ന ലേഖനത്തിനെ കുറിച്ചു്:

ബ്ലൊഗുകളെ കുറിച്ചു പറയുന്ന ആദ്യഭാഗം കുറെയൊക്കെ കൃത്യത നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും മലയാളം ബ്ലോഗുകള്‍ എന്ന സബ്-ഹെഡ്ഡിങിനു താഴെ എഴുതിയിരിക്കുന്നതില്‍ മുക്കാലും പതിരാണു്. സജീവിന്റെ കാര്യം പറഞ്ഞതൊരു വസ്തുതയാണു്, മലയാളം സാഹിത്യം ഏറെക്കുറെ വിസ്മൃതിയില്‍ കിടന്നിരുന്ന കാലത്താണു് മലയാളം ബ്ലോഗുകള്‍ അദ്ദേഹത്തിന്റെ ജീവതത്തിലേയ്ക്കു കടന്നുവരുന്നതു്. അതിനുശേഷം കുറേകൂടി സാഹിത്യതല്പരനായി എന്നു സജീവ് തന്നെ എന്നോട് ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞിട്ടുള്ളതാണു്.

മലയാളത്തില്‍ നേരെച്ചൊവ്വെ രണ്ടുവാചകം എഴുതാനറിയാത്തവന്‍ ഒരു കോമാളി കവിതയും പോസ്റ്റിക്കൊണ്ടു മലയാളം ബ്ലോഗിങ് തുടങ്ങും. വായനക്കാരില്ലെന്നു പറഞ്ഞു ഇടം കാലിയാക്കുകയും ചെയ്യും. മറിച്ചു ഇംഗ്ലീഷിലെഴുതുമ്പോള്‍ യൂണികോഡിന്റെയും ഫോണ്ടുകളുടെയും കടമ്പകള്‍ ഒഴിവായതുകാരണം ബന്ധുമിത്രാദികളെങ്കിലും ഇത്തരക്കാര്‍ എഴുതിവിടുന്നതെല്ലാം വായിച്ചു ഗ്വോ-ഗ്വോ വിളിക്കുകയും ചെയ്തേക്കാം. ഇത്തരക്കാരാണു മലയാളത്തിനു വായനക്കാരില്ലെന്നു പറയുന്ന ബ്ലോഗരില്‍ അധികവും. ബഷീറിനും അടൂരിനും ഡിസ്-അഡ്വാന്‍ഡേജ് അവര്‍ മലയാളത്തില്‍ എഴുതിയിരുന്നു-സിനിമയെടുത്തിരുന്നു, അതു കാണുവാനും വായിക്കുവാനും മലയാളം അറിയണം, എന്നെഴുതുന്ന പോലൊരു മണ്ടത്തരമാണു ഹിന്ദു ലേഖക എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു്. ന്യൂനപക്ഷഭാഷാവിരുദ്ധസ്വഭാവം എന്നൊക്കെ പറഞ്ഞു ഹിന്ദു ഓഫീസിനുനേരെ ഒരു ആക്രമണം അഴിച്ചുവിടാന്‍ പാകത്തിലുള്ള സ്റ്റേറ്റ്മെന്റ് ;)

ഈയിടെ ഒരു അഭിമുഖസംഭാഷണത്തില്‍ മലയാളത്തിലെ ഒരു യുവനടനോട് അഭിമുഖം നടത്തുന്ന പെണ്‍കൊടി ഒരു ചോദ്യം ചോദിക്കുന്നതു കേട്ടു, താങ്കള്‍ ചാറ്റ് ചെയ്യാറുണ്ടോ എന്നാണു ചോദ്യം. ഏതു ചെറുപ്പക്കാരനും ചെയ്യുന്ന കൊച്ചുവര്‍ത്തമാനത്തിനെ കുറിച്ചുമാത്രമേ പെണ്‍കൊടിക്കറിയൂ എന്നു തോന്നുന്നു, ഒട്ടേറെ സംവാദങ്ങളും സംവേദനങ്ങളും നടന്നുപോകുന്ന ആ ഇലക്ട്രോണിക് മാധ്യമത്തിന്റെ നല്ല വശങ്ങളൊന്നും അവര്‍ക്കറിയില്ലാത്തതുപോലെയാണു് ആ അഭിമുഖ സംഭാഷണം തോന്നിപ്പിച്ചതു്. ചാറ്റ് ചെയ്യുന്നതു കണ്ടാല്‍ അച്ഛനും അമ്മയും വഴക്കു പറയില്ലേ എന്ന ചോദ്യങ്ങളും കേട്ടിരുന്നു. രശ്മി ജെയ്‌മോനും ബ്ലോഗുകളോട് ഏതാണ്ടു് അതുപോലത്തെ ഒരു മനോഭാ‍വമാണു പുലര്‍ത്തുന്നതു്. അവിവാഹിതകള്‍ ബ്ലോഗ് ചെയ്യുന്നുണ്ടെങ്കിലും അതു വീട്ടുകാരെ അറിയിക്കരുതു്, എന്ന ഉപദേശം എവിടെയാണു ചെന്നു തട്ടുന്നതെന്നു് ഊഹിക്കാനാവുന്നില്ല. അവിവാഹിതകള്‍ക്കു വിവാഹപൂര്‍വ്വ ലൈംഗിക ബന്ധമാകാം പക്ഷെ സേഫ് ആയിരിക്കണം നാട്ടുകാരറിയരുത് എന്നുപദേശിക്കുന്നതിന്റെ ചുവ.

പ്രിയ മാധ്യമവര്‍ത്തികളെ, ഏതാനും വ്യക്തികളുടെ അഭിപ്രായങ്ങളില്‍ ഒതുക്കി ഒരു സംഘം ബ്ലോഗുകളെ അനലൈസ് ചെയ്യുന്നതു ദയവായി നിര്‍ത്തുക. ഒരു പാടു പേര്‍ എന്റെ ബ്ലോഗ് വായിക്കണം അതുകൊണ്ടു ഞാന്‍ ഇംഗ്ലീഷില്‍ എഴുതുന്നു എന്നു പറയുന്ന മലയാളി ബ്ലോഗറിനെയും, സാമൂഹിക ജീവതത്തിന്റെ പലധാരകളില്‍ നിന്നും പടിയിറങ്ങിപ്പോകുന്ന മാതൃഭാഷയെ തിരിച്ചു ജീവിതത്തിലേക്കാവാഹിക്കുവാന്‍ മലയാളം വായിച്ചും പഠിച്ചും എഴുതിയും കഴിഞ്ഞുപോകുന്ന മലയാളം ബ്ലോഗറെയും ഒരു കുറിപ്പിന്റെ രണ്ടറ്റത്തു ബന്ധിച്ചിടാതിരിക്കുക. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ആ‍വിഷ്കാരസ്വാതന്ത്ര്യത്തിന്റെയും ജൈവോദാഹരണങ്ങളായ ബ്ലോഗുകളെന്ന സര്‍ഗ്ഗാത്മകതയുടെ നവ-ഈറ്റില്ലങ്ങളെ സമൂഹത്തിലെ ക്രയവിക്രിയ ഉപാദികള്‍ മാത്രമായി തീര്‍ന്നിരിക്കുന്ന പണം, പദവി, പ്രശസ്തി എന്നിവയുടെ പേരാല്‍ അപകീര്‍ത്തിപ്പെടുത്താതിരിക്കുക.

വികലമായ ഹിന്ദു ലേഖനത്തിനെതിരെ ഞാന്‍ എന്റെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു.
With TransferBigFiles.com, you'll never have to worry about sending an email attachment that's too big for your recipient's inbox. This free service allows you to send attachments as big as 1 Gigabyte (that 100x bigger than Gmail attachment size limits!). Send your files to one person or many, use optional password protection, and even receive email notification when the file has been downloaded. If you enjoy useful, free services like Squeet, TransferBigFiles.com is a site you'll want to check out and bookmark!

Visit TransferBigFiles Now!

posted by സ്വാര്‍ത്ഥന്‍ at 10:08 AM

0 Comments:

Post a Comment

<< Home