Saturday, April 15, 2006

Ente Malayalam - പുറകെ വരുന്നയാള്‍

സിഗരറ്റ് പുകകനയ്ക്കുന്ന കളിത്തട്ടില്‍ നിന്നും പുറത്തേക്കിറങ്ങി.

സ്ലോട്ട് മെഷീനുകള്‍ക്ക് മേലെയുള്ള ബഹുവര്‍ണ്ണങ്ങളിലുള്ള ഇലക്ട്രോണിക്‌ ബോര്‍ഡുകളില്‍ സമ്മാനത്തുകകളുടെ മിന്നിമറയുന്ന കണക്കുകള്‍, ഒപ്പം ആകര്‍ഷകമായ ശബ്ദങ്ങളും.

ഈയന്തരീക്ഷത്തില്‍ ആരുമൊന്ന് ചൂത് കളിച്ചുപോകും.

കീശയിലിനി ബാക്കി ഇരുപതിന്റെ ഒറ്റ നോട്ടാണ്. തിരികെ യാത്രയ്ക്ക് അതിന്റെ പകുതിയോളം ടോളിനു വേണം. അല്ലെങ്കില്‍, അതും ഭാഗ്യപരീക്ഷണത്തിലേക്കായ് ബ്ലാക്ക്‍ജാക്കിലോ, സ്ലോട്‌മെഷീന്റെ വായിലോ ഇട്ടേനെ.

മുന്നൂറ് ഡോളറാണ് പോയത്. ഇനി പറഞ്ഞിട്ട് കാ‍ര്യമില്ലല്ലോ.

പതുപതുത്ത കാര്‍പെറ്റിട്ട ഇടനാഴി. പ്രൌഡിക്കൊരു കുറവുമില്ല -- ഭിത്തിയേല്‍ കൌതുകവസ്തുക്കളും മറ്റും പിടിപ്പിച്ചിരിക്കുന്നു.

ഏതു വഴി പോകണം? വലത്തോട്ട് നടന്നാ‍ല്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നിടത്തെത്താം. ഇടത്തോട്ടാണെങ്കില്‍, ബ്രോഡ്‌വാക്കിലും.

ഉടനെ തിരികെ പോയിട്ട് എന്തു ചെയ്യാനാ? ബ്രോഡ്‌വാക്കിലല്പം നടന്നിട്ട് പോകാം.

പടുകൂറ്റന്‍ വാതിലിനു നേരെ നടക്കവേ, യൂണിഫോമിട്ട ഒരുവന്‍ ചോദിച്ചു

“എസ്ക്യൂസ് മീ സര്‍, ആര്‍ യൂ ഇന്ററസ്റ്റഡ് ഇന്‍ സ്റ്റേയിംഗ് ഇന്‍ ഔറ് ഹോട്ടല്‍? ഐ ഹാവ് ഏ ഗ്രേറ്റ് ഡീല്‍ ഫോര്‍ യൂ...!!”

കാസിനോവിന്റെ മുകള്‍ നിലകളിലെ ആഡംബരഹോട്ടലില്‍ താമസിക്കുന്നോ എന്ന് ചോദ്യം.

ഇല്ല സുഹൃത്തെ.

ഞാന്‍ പൊട്ടിപാളീസായിരിക്കുകയാണ്, വീട്ടിലെത്തണം ഒന്ന് കിടന്നുറങ്ങണം. എന്നിട്ടിത്രയും കാശ് കൊണ്ടുക്കളഞ്ഞത് മറക്കാന്‍ ശ്രമിക്കണം...


അറ്റ്ലാന്റിക്‍ സമുദ്രം മുന്നില്‍. ആദ്യത്തെ തവണയിവിടെ വന്നപ്പോള്‍, കടല്‍‌വെള്ളം കൈയ്യില്‍ കോരിയെടുത്തിരുന്നു. നാട്ടില്‍, അറബിക്കടലിന്റെ തീരത്താണ് ഇതിനു മുമ്പ് പോയിട്ടുള്ളത്. പിന്നീട്, ഭൂഗോളത്തിന്റെ ഇങ്ങേവശത്തൊരു സമുദ്രതീരത്തിവിടെയും.

മഹാസമുദ്രങ്ങളുടെ തീരങ്ങളിലെല്ലാം ചെന്ന് ഇങ്ങനെ നില്‍ക്കാനായെങ്കില്‍...

കഴിഞ്ഞ് തവണ ഇവിടേക്ക് നടന്നപ്പോള്‍ സന്ധ്യ പരക്കുന്നതേയുണ്ടായിരുന്നൊള്ളൂ. അവിടെ, “നോ ലൈഫ്‌ ഗാര്‍ഡ് ഓണ്‍ ഡ്യൂട്ടി” എന്ന ചൂണ്ടുപലകയുടെ അപ്പുറത്തേരെ നേരം ചക്രവാളത്തിലേക്ക് നോക്കി നിന്ന് അസ്തമയം കണ്ടു.

ഇപ്പോള്‍, തീരത്ത് ഇരുള് പരന്നിരിക്കുന്നു. പിന്നില്‍, ഉയരത്തിലുള്ള ഏതോ ഒരു തെരുവ് വിളക്കിന്റെയാവണം, പ്രതിഫലനം ചില തിരകളില്‍ മങ്ങി മങ്ങി പൊടിയുന്നു.

മുന്നോട്ട് നടന്നു. അങ്ങേയറ്റത്ത് ചെല്ലുമ്പോള്‍, വണ്ടിയിട്ടിരിക്കുന്നിടത്തേക്കൊരു ഇടവഴിയുണ്ട് -- അതിലൂടെ പുറത്തിറങ്ങാം.

തിരകളുടെ ഒച്ചയും, ചെറിയ തണുപ്പും. ഹാ, സുഖമുള്ള അന്തരീക്ഷം.

നടന്നകലുകുമ്പോള്‍ ആരവങ്ങളൊതുങ്ങി വരുന്നു.

ആലിംഗനബദ്ധരായ കമിതാക്കള്‍ വഴിയൊതുങ്ങിത്തന്നു.

അവരെ കടന്നുപോയപ്പോഴാണ് ശ്രദ്ധിച്ചത് , രണ്ടും സ്ത്രീകളാണ്. മദ്ധ്യവയസ്കരായ രണ്ട് തടിച്ചികള്‍. ക്ലീഷെകളിലെ തീവ്രസൌന്ദര്യമുള്ള ലെസ്ബിയന്സെവിടെ , ഇവരെവിടെ?

പത്തര മണി. ഇനി മൂന്ന് മണിക്കൂര്‍ യാത്രയുമുണ്ട് -- തിരിച്ചെത്തുമ്പോഴേക്കും രണ്ടു മണിയെങ്കിലുമാവും.
അടുത്ത ദിവസവും അവധിയായതിനാല്‍ കുഴപ്പമില്ല.

ഛേ, എങ്കിലും അത്രയും കളിച്ച് കളയണമായിരുന്നോ?

രാവിലെയുണര്‍ന്നതു് ടീവിയുടെ ബഹളം കേട്ടാണ്. ആഫ്രിക്കയിലെ ദരിദ്ര മേഖലയിലെവിടെയോ ഒന്നിലെ കുട്ടികളെ സ്പോണ്‍‌സര്‍ ചെയ്യിക്കാനുള്ള പരസ്യം -- മുപ്പത് ഡോളര്‍ ഒരു വര്‍ഷത്തേയ്ക്ക് ഒരു കുട്ടിയുടെ ചെല്ലുചിലവുകള്‍ക്ക് മതിയാകും.

അലോസരപ്പെട്ട് അത് അന്നേരമേ ഓഫാക്കിയെങ്കിലും, ഒരു വല്ലായ്മ തോന്നുന്നു.

ഇപ്പോള്‍ കമ്പത്തിന്റെ പുറത്ത് പോയത്, അങ്ങിനത്തെ പത്ത് പിള്ളേര്‍ക്കു ഗുണമായേനെ.

ങ്ഹും, സാരമില്ല, ക്യാപ്പിറ്റലിസത്തിന്റെ വഴികളിലാ മുന്നൂറ്‌ എന്നെങ്കിലും തിരിച്ചു വരും -- അറുന്നൂറും ആറായിരവുമായ് തിരിച്ചു വരും. വരുമായിരിക്കും.

നടപ്പാതയുടെ അറ്റമെത്തി. ഇനി, ഇവിടെ നിന്നും തിരിച്ചു പോകാം.

ഇടത്തോട്ടുള്ള ചെറിയ വഴിയേ പോയി, മൂന്ന് ബ്ലോക്ക് കഴിഞ്ഞ് വലത്തോട്ട് കുറെ നടന്നാല്‍ വണ്ടിയിട്ട സ്ഥലത്തെത്താം.

കെട്ടിടങ്ങളുടെ പിന്‍ഭാഗത്ത് കൂടെയുള്ള വിജനമായ വഴി, ഇടയ്ക്ക് ചപ്പുചവറുകള്‍.

ആരോ പിന്നാലെയുണ്ടോ?

തിരിഞ്ഞു നോക്കി, ആരെയും കാണാനില്ല.

ങ്ഹും, തോന്നിയതാവും.

അല്പം കൂടി നടന്നപ്പോള്‍ സംശയം ബലപ്പെട്ടു -- ആരോ അനുഗമിക്കുന്നുണ്ട്, തീര്‍ച്ച. പിന്‍‌കഴുത്തിലെ രോമങ്ങള്‍ എഴുന്ന് നില്‍ക്കുന്നു, ദേഹമാസകലം ഒരു ചെറുതണുപ്പോടുന്നു.

ആരുമില്ല.

എതിരേയൊരുവന്‍ നടന്നു വരുന്നു. ചിരി തോന്നി, ആറാമിന്ദ്രിയം സ്പൊറാഡിക്‌ സിഗ്നലുകള്‍ പുറപ്പെടുവിക്കുന്നതെന്തേ?

ജോലി കഴിഞ്ഞ് പോകുന്നയാളായിരിക്കണം. കറുത്ത വര്‍ഗ്ഗക്കാരന്‍. അയാളടുത്ത് വന്നു.

“ഹലോ...!”

പ്രത്യഭിവാദനത്തിനു പകരം, ആഗതന്‍ വിലങ്ങനെ ചാടിവീണു. കീശയില്‍ നിന്നും തിളങ്ങുന്ന കൈത്തോക്ക് പുറത്തെടുത്ത്, അത് ചൂണ്ടിക്കൊണ്ടയാള്‍ മുരണ്ടു.

“ഗീവ് മീ യോര്‍ മണി...!! ഓര്‍ ഐ ആം ഗോണ ബസ്റ്റ് ഏ ക്യാപ്പ് ഇന്‍ യോര്‍ ആസ്സ്..!!”

എന്റമ്മേ. പിടിച്ചു പറിക്കാരനാണ്...!!



മുന്നൂറ് പോയതിന്റെ ആഘാതമിനിയും തീര്‍ന്നിട്ടില്ല. ആകെയുള്ളത് ഇനി ഇരുപത് ഡോളറാണ്. അതും പോയാല്‍ ഞാനെങ്ങനെ വീട്ടിലെത്തും? വണ്ടിയുടെ താക്കോലും ഇവന്‍ പിടിച്ചെടുക്കുമോ? ഡെബിറ്റ്‌ കാര്‍ഡും പിന്നെ ആ ക്രെഡിറ്റ് കാര്‍ഡുകളുമിവനിപ്പൊ കൊണ്ടുപോകുമല്ലോ ഈശ്വരാ.. കൂടാതെ അച്ഛനും അമ്മയും വാങ്ങിത്തന്ന സ്വര്‍ണ്ണമാലയുമിവന്‍...

ആഫ്രിക്കന്‍ രാജകുമാരാ, വലയ്ക്കല്ലേ.

അവനോടൊന്ന് ന്യായീകരിച്ചു നോക്കാം.. ചിലപ്പോള്‍ ഏറ്റെങ്കിലോ?

അടുത്തെങ്ങും ആരുമില്ല. വിളിച്ചു കൂവാ‍മെന്ന് വെച്ചാല്‍, അവന്റെ കൈയ്യിലിരിക്കുന്നത് തോക്കാണ്. കൈകാലുകള്‍ വിറയ്ക്കുന്നു...

“ലിസ്റ്റണ്‍ ഡ്യൂഡ്..., ഐ ആം ബ്രോക്ക്...! ആള്‍ ഐ ഹാവ് ഇസ് അ ട്വെന്റി...!”

“യോ...!! മദര്‍ഫ...!! ഷട്ട് ദി ഫ.. അപ്‌..!! ആന്റ് ഗിമ്മീ യോര്‍ വാലറ്റ്...!!”

അടുത്തേക്ക് വന്ന് നെഞ്ചത്ത് തോക്ക്‌ കുത്തിവെച്ചിട്ടവനലറി. അവന്റെ ശ്വാസത്തിന് വല്ലാത്ത ദുര്‍ഗന്ധം.

വീട്ടിലിരിക്കുന്ന അമ്മയെയാണ് കാട്ടാളന്‍ കഴുവേറി തെറി പറയുന്നത്.

അമ്മയെന്നാല്‍ എന്താണെന്നറിയാമോടാ നായേ?

ഭയം വഴിമാറി. എങ്ങു നിന്നോ വന്ന ശക്തി സംഭരിച്ച് അവനെ കടന്നുപിടിച്ച് ഇടി തുടങ്ങി.

ഇടയ്ക്ക് എപ്പോഴോ ഒരു വെടിപൊട്ടിയെന്ന്...

posted by സ്വാര്‍ത്ഥന്‍ at 8:46 AM

0 Comments:

Post a Comment

<< Home