Saturday, April 15, 2006

മലയാള കവിതാലോകം - ശിഥിലബിംബങ്ങളുടെ വ്യഥിതകാമുകന്‍

ശത്രു ഞാന്‍ സഖാവു നീ പിച്ചാത്തി മടക്കുക
മിത്രങ്ങളാകാം, ഹസ്തദാനവുമാകാം തമ്മില്‍.
മെതിച്ച കതിരുകള്‍ പതിരിന്‍ കിനാവുകള്‍
ചതുര്‍ഥിയാകുന്നിന്നു ചുവപ്പു നക്ഷത്രങ്ങള്‍
-ഭൂപടത്തിലെ വേരുകള്‍

- വിപ്ലവസ്വപ്നങ്ങള്‍ കൈമോശം വന്നതിനെപ്പറ്റി എ.അയ്യപ്പന്‍ എഴുതി. ഈ കവിക്കു കവിത സുന്ദര കല്‍പ്പനയല്ല, ജീവിതത്തിന്നു നേര്‍ക്കു പിടിച്ച കണ്ണാടിയാണ്‌. വഴിയില്‍ അയ്യപ്പന്റെ നിഴലു കാണുമ്പോള്‍ത്തന്നെ നിഷ്ക്രമിക്കുന്ന ഞാനടക്കമുള്ള വായനക്കാര്‍ അയ്യപ്പന്‍ കവിതയുടെ മൂര്‍ച്ച തിരിച്ചറിഞ്ഞവരാണ്‌. അയ്യപ്പന്‍ കവിതകളില്‍ ആധുനീകബിംബങ്ങള്‍ ഏച്ചുകെട്ടല്ല, കവിതയുടെ ചോരയിറ്റുന്ന ആത്മാവാണ്‌. നിയതമായ ശൈലിയും കീഴ്വഴക്കങ്ങളും ലംഘിക്കുന്ന അയ്യപ്പന്‍ കവിതകള്‍ ശിഥില ബിംബങ്ങളുടെ വിലാപമാകുന്നു:

ഇതായെന്‍ കണ്ണുനീര്‍ ഹരിതപത്രമേ,
ചുവപ്പിഷ്ടമെങ്കിലെടുത്തുകൊള്ളുക
ഇതായെന്‍ പാദങ്ങള്‍ മഴയുടെ മണ്ണേ
നടപ്പിഷ്ടമെങ്കില്‍ ഈ ഭാരമേല്‍ക്കുക
-ധ്രുവങ്ങള്‍

മലയാള ഭാവുകത്വത്തിന്റെ സംക്രമണ ഘട്ടത്തെയാണ്‌ കവി പ്രതിനിധീകരിക്കുന്നത്‌. അതാകട്ടെ കവിതയെ ഗൃഹാതുരത്വത്തിലും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളിലും അഭിരമിക്കാന്‍ വിടാതെ വര്‍ത്തമാനത്തിന്റെ ദുരന്തങ്ങളിലേക്ക്‌ നയിക്കുന്നു.

പത്തുസെക്കന്റേയുള്ളൂ
വസ്ത്രത്താല്‍ മുഖം മൂടാന്‍
സ്റ്റെത്തിലെ മിടിപ്പിനു വേഗത കുറയുന്നു,
വജ്രസൂചിയാല്‍ കീറാം
സ്ഫടിക വാതായനം
സ്പന്ദമാപിനികള്‍ക്കു പകരാം അഞ്ചാംപനി.
തലച്ചോറൊരു പുഷ്പം
വലം വയ്ക്കുന്നൂ ഭൃംഗം
ഉലയാം ഹൃദയത്തില്‍
വെളുത്ത രക്താണുക്കള്‍
കുടിച്ചുതീര്‍ക്കുന്നെന്റെ ജീവനെ
വറ്റിത്തീര്‍ന്നെന്‍
കുടിവെള്ളത്തിന്‍ കിണര്‍
മരിക്കുന്നെന്റെ പക്ഷി.
-മരിക്കുന്നെന്റെ പക്ഷി

കാവ്യശാസ്ത്രപരമായ ലക്ഷണങ്ങളൊക്കാത്ത അയ്യപ്പന്‍ കവിത ധ്വജഭംഗം സംഭവിച്ച കാലത്തിന്റെ ചവിട്ടേറ്റ പതാകയാകുന്നു. കവിയെന്ന നിലയില്‍ അയ്യപ്പന്‍ എവിടെ നില്‍ക്കുന്നു എന്നതിന്‌ കാലം ഉത്തരം പറയട്ടെ. നമുക്കു അയ്യപ്പന്റെ കവിതകളെ വെറുക്കാം, തിരസ്കരിക്കാം, ഒട്ടൊരു ജാള്യതയോടെ സ്വീകരിക്കുകയുമാകാം - എന്നാല്‍ അവയെ കണ്ടില്ലെന്നു നടിക്കാന്‍ സാദ്ധ്യമല്ല.

posted by സ്വാര്‍ത്ഥന്‍ at 5:11 PM

0 Comments:

Post a Comment

<< Home