Sunday, July 02, 2006

എന്റെ ലോകം - ജിപ്സി

URL:http://peringodan.blogspot.com/2006/07/blog-post.htmlPublished: 7/2/2006 10:01 AM
 Author: പെരിങ്ങോടന്‍
ഓ അശോക്, ഒന്നു നിര്‍ത്തൂ, ഇതു് ഇന്നു രാത്രികൊണ്ടു് അവസാനിക്കുവാന്‍ പോകുന്നതല്ല--
മറുപടിയായി അവനെന്തോ അവ്യക്തമായി മുരണ്ടു.
പിന്നെ ആക്സിലേറ്ററില്‍ കാലുകളമര്‍ത്തി നടപ്പാതകളില്‍ ടയറുരഞ്ഞേയ്ക്കാം എന്ന അകലത്തില്‍ ജിപ്സിയോടിച്ചു.
ഭഗവാനെ, മദ്യം തലയ്ക്കടിച്ചവരില്‍ ആരെങ്കിലും വഴിവക്കില്‍ വീണുകിടപ്പുണ്ടെങ്കില്‍--
അശോക്--
ഇരുട്ടിനെ കീറിമുറിച്ചു പായുന്ന പ്രകാശധാരയില്‍ ആരോ അനങ്ങുന്നതുപോലെ, അശോക് ഓടിച്ചിരുന്ന ജിപ്സി, ടയറുകള്‍ നിലത്തുരച്ചുകൊണ്ടു പാതവക്കില്‍ തൊട്ടുനിന്നു. ഇരുട്ടും രാത്രിയും ചേര്‍ന്നു കുടിയിറക്കിയ വെളിച്ചത്തിന്റെ അപ്രതീക്ഷിതമായ തിരിച്ചുവരവില്‍‍ വിരണ്ടെഴുന്നേറ്റ ഒരുത്തന്‍ കണ്‍‌വെട്ടത്തുനിന്നു് ഓടിമാറുന്നതു കാണാം.
ഒന്നു സംശയിച്ചു മറ്റൊരുവന്‍ കൂടി പിടഞ്ഞെഴുന്നേറ്റോടി.
ഉടുത്തിരിക്കുന്ന മഞ്ഞസാരി, തുടകള്‍ക്കൊപ്പം പൊക്കിപ്പിടിച്ചുകൊണ്ടു് ഒരു പെണ്ണു നടപ്പാതയിലെ അല്പമാത്രമായ ഏതോ മറവില്‍ നിന്നും എഴുന്നേറ്റുവരുന്നു. നിനച്ചിരിക്കാതെ വെളിച്ചത്തിലകപ്പെട്ടതിന്റെ ജാള്യതയോടെ‍ വാടിയ ചിരിയുമായി അവള്‍ ശങ്കിച്ചു നിന്നു.
അശോക് പുറത്തേയ്ക്കിറങ്ങേണ്ട താമസം, ഇരുട്ടിന്റെ ഓരം പറ്റി വെളിച്ചമില്ലാത്ത തെരുവുകളിലേതോ ഒന്നിലേയ്ക്കു് അവള്‍ ഓടുവാന്‍ തുടങ്ങിയിരുന്നു.
യൂ ബിച്ച്--
അശോകിന്റെ മുഖം അവള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും, എല്ലാ പോലീസുകാരുടെയും ചേഷ്ടകള്‍ അവള്‍ക്കു തിരിച്ചറിയാം. മന്ദന്‍ അശോക്.
അവന്‍ തിരികെ സ്റ്റീയറിങ് വീലിനു പുറകിലെത്തിയപ്പോള്‍ ഞാന്‍ മന്ത്രിച്ചു:
പാവം, അവള്‍ക്കു കാശുവാങ്ങുവാനുള്ള സാവകാശം കിട്ടിയില്ല--
അവസാനത്തെ പന്തിക്കാരന്‍, ഊണു മുഴുമിപ്പിക്കാതെ ഇറങ്ങിയോടി--
ഞാനുറക്കെ ചിരിച്ചു.
ഡാമ്‌ന്‍ യൂ, അശോക് നിന്ദിച്ചു.
ഞാന്‍ പിന്നെയും ചിരിച്ചു.
അവന്‍ തുടര്‍ന്നു പറഞ്ഞതു ജിപ്സിയുടെ ഇരമ്പലില്‍ കേള്‍ക്കാതെ പോയി.
പിന്നെയെന്തോ അന്നു രാത്രി, അഭിസാരികകളെ തെരുവില്‍ നിന്നും കുടിയൊഴിപ്പിക്കുന്നതില്‍ അശോക്‌‍ ഉത്സുകത പ്രകടിപ്പിച്ചില്ല.


നെറ്റിലെ ഫയല്‍ഷെയറിങ് സംഘങ്ങളില്‍‍ നിന്നും നേടിയെടുത്ത ഒന്നൊരമിനുറ്റു് ദൈര്‍ഘ്യമുള്ള വീഡിയോക്ലിപ്പ് അടച്ചുവച്ചു്, ആത്മനിന്ദയോടെ ഞാനൊരു കഥയെഴുതുവാനിരുന്നു--

posted by സ്വാര്‍ത്ഥന്‍ at 7:02 PM

0 Comments:

Post a Comment

<< Home