Wednesday, May 31, 2006

Blogging A Story - സ്പര്‍ശം

URL:http://kathakal.blogspot.com/2006/06/blog-post.htmlPublished: 6/1/2006 10:18 AM
 Author: പെരിങ്ങോടന്‍

പിന്നെ അവന്‍ പ്രമാണിയുടെ വീട്ടില്‍ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു:
“മാറിപ്പോകുവിന്‍; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ” എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
അവന്‍ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.
(മത്തായി 9: 23-25)


അങ്ങിനെയിരിക്കുമ്പോഴാണു്, വെളുത്ത പരുത്തിത്തുണിയില്‍ ചുവന്ന പൊട്ടുകളെന്നോണം അവ വന്നെത്തിയതു്. അനാദിയായ കാലം മുതല്‍ മനുഷ്യനൊപ്പം ജീവിക്കുന്ന മൂട്ടകള്‍. ആശുപത്രിക്കിടക്കയുടെ വെള്ളവിരിയിലേയ്ക്കു കാര്യമായ തടസ്സങ്ങളൊന്നുമില്ലാതെ അവ അരിച്ചെത്തി. അമ്പരന്നു കിടക്കയില്‍ നിന്നും എഴുന്നേറ്റിരിക്കുന്നതിനു പകരം ഞാന്‍കിടന്നു കൊടുത്തു. ഏറെക്കാലത്തിനുശേഷം മുന്‍‌വിധികളൊന്നുമില്ലാതെ, ജീവനുള്ള മറ്റൊരു സൃഷ്ടി എന്നെ സ്പര്‍ശിക്കുന്നു. ആ സ്പര്‍ശം വേദനയായി ചൊറിച്ചിലായി ഒരു അസുഖമായി ഏറെക്കാലം നിലനില്‍ക്കട്ടെ എന്നായി എന്റെ പ്രാര്‍ത്ഥന.

ഗൌതമന്റെ ശാപവും പേറി ശിലപോലായ അഹല്യയെ, പാദസ്പര്‍ശം കൊണ്ടു പൂര്‍ണ്ണനാരീസ്വരൂപമാക്കിയ രാമന്റെ കഥ ചെറുപ്പത്തിലെപ്പോഴോ കേട്ടിരിക്കുന്നു. മുനിയുടെ ശാപം യഥാര്‍ത്ഥത്തില്‍ അഹല്യയെ വിഷഗ്രസ്തയാക്കുന്ന വിധത്തിലുള്ളതായിരുന്നെങ്കില്‍? ഇന്ദ്രനെ കാമിച്ച അഹല്യയ്ക്കു രാമന്റെ സ്പര്‍ശം മറുമരുന്നായെന്നു കരുതേണം. ധനുര്‍വേദിയായ രാമനു് ഇങ്ങിനെയും ചില ഭാഷ്യങ്ങളോ, ഇതിഹാസകാരന്മാര്‍ ശപിച്ചെന്നു വരും, ഞാന്‍ ചിരിയൊതുക്കി. ചേതന പകരുന്ന സ്പര്‍ശത്തെ കുറിച്ചോര്‍ത്തു, ഭിഷഗ്വരന്റെ ക്രിയാത്മക സ്പര്‍ശചികിത്സയെ കുറിച്ചല്ല, രാമന്‍ അഹല്യയെ ഉണര്‍ത്തിയ സ്പര്‍ശത്തെ കുറിച്ചു്, നസ്രേത്തിലെ യേശു മരണപ്പെട്ടവനെ പുനരുജ്ജീവിപ്പിക്കുന്ന സ്പര്‍ശത്തെ കുറിച്ചു്, സ്പര്‍ശമെന്ന നഷ്ടസുഖത്തെ കുറിച്ചു്, ഓര്‍ത്തോര്‍ത്തിരുന്നു, പിന്നെ ചുമച്ചു ചുമച്ചു് ആശുപത്രിയുടെ ശബ്ദകോലാഹലത്തില്‍ ഒടുങ്ങിപ്പോയി.

യാന്ത്രികമായ ഹസ്തദാനങ്ങള്‍ക്കപ്പുറം സ്പര്‍ശമെന്ന പേരില്‍ മറ്റൊരു അനുഭവവും ഇല്ലാതിരുന്ന കാലത്തെ, ഒരു പകലില്‍ നിന്നു്, ഇരുട്ടിലെ ഏതോ വഴിയമ്പലത്തിലേയ്ക്കു നടന്നു കയറിയതോര്‍ക്കുന്നു. ആതിഥേയയോടു പതിയ സ്വരത്തില്‍ പറഞ്ഞുവച്ചു: വിവസ്ത്രയാകുവാന്‍ മെനക്കെടേണ്ടതില്ല, ഞാനിവിടെ കിടന്നുറങ്ങുവാന്‍ പോകുന്നു, കഴിയുമെങ്കില്‍ എന്നെ തൊട്ടിരിക്കൂ. മറുപടിയായി, ഒരു രാത്രിയിലെ താണ്ഡവങ്ങളില്‍ നിന്നു രക്ഷനേടിയ ആശ്വാസത്തില്‍ ആ പെണ്ണു കിടന്നുറങ്ങി. തലയില്‍ ഞാവിക്കൊണ്ടു് ഈരെടുക്കുന്ന അമ്മയെ അന്നു രാത്രി ഞാന്‍ സ്വപ്നം കാണുകയുണ്ടായി. പിന്നെ ആ വഴി പോയിട്ടില്ല.

ഔപചാരികതകളില്ലാതെ സ്പര്‍ശം അനുഭവവേദ്യമല്ലാതായി തീര്‍ന്നതു് എന്നുമുതലായിരുന്നു? സ്പര്‍ശമെന്ന അനുഭവം നഷ്ടമാകുന്നതു യാത്രയുടെ ഏതു നാള്‍വഴിയിലാണു്?

പിന്നീടും എത്രയെത്ര വഴികളിലൂടെ നടന്നിരിക്കുന്നു, പലപ്പോഴും സുഹൃദ്‌ഭവനങ്ങളിലെത്തി. ഒരു വേള, രാത്രി ഏറെ വൈകിയനേരത്തു പിരിയുമ്പോള്‍ കൂട്ടിനു രണ്ടുപേര്‍ ഒപ്പം വന്നിരുന്നു. അവരെന്റെ കൈകള്‍ മുറുകെ പിടിച്ചിരുന്നു. ബിയറൊഴിച്ചിട്ടായിരുന്നല്ലോ! അതുകൊണ്ടാണു്, അവര്‍ അഭിപ്രായപ്പെട്ടു. ഈ കോലത്തില്‍ പുറത്തിറങ്ങിയാല്‍ നിയമപാലകര്‍ സോഷ്യല്‍ നൂയിസന്‍സിനു കേസെടുക്കും, അതൊരു ഗുരുതരമായ കുറ്റമാണു താനും. നീയാ വാഷ്‌ബേസിന്‍ ശരിക്കും അഴുക്കാക്കി, കൂടെയുള്ളവര്‍ കുറ്റപ്പെടുത്തി. പണ്ടു ബാല്യത്തില്‍ അനാരോഗ്യത്തിന്റെ ദിനങ്ങളായിരുന്നപ്പോള്‍ ഛര്‍ദ്ദിക്കുമ്പോള്‍ ചെറിയമ്മ വന്നു പുറം ഉഴിഞ്ഞു തരാറുള്ളതോര്‍ത്തു.

ഇറങ്ങുന്നതിനു മുമ്പേ ഒന്നുകൂടി ആവാമായിരുന്നു, അതാ അതിന്റെ ശരി, ഞാന്‍ പരിഭവിച്ചു. ആവാമായിരുന്നല്ലോ എന്തേ ചെയ്തീല്ലാ? നിങ്ങള്‍ തല്ലുമെന്നല്ലേ കരുതിയതു്, സത്യം പറയുവാനാണു തോന്നിയതു്; കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു, കൈകളിലെ പിടി അയഞ്ഞു.

നാളെ കാണാം, ശുഭരാത്രി, അവര്‍ കൈകള്‍വീശി നടന്നുമറഞ്ഞു. പല സൌഹൃദങ്ങളും ഏതോ ചില രാത്രികളിലായി അന്യം നിന്നുപോയി. വെറുതെ കിടക്കുമ്പോള്‍ മുഖം ചേര്‍ത്തുപിടിച്ചു "വെള്ളത്തുള്ളി" കണ്ണിലെഴുതി തന്നിരുന്ന ബാല്യകാലസഖിയെ കുറിച്ചോര്‍ത്തിരുന്നു. നനവിന്റെ സ്പര്‍ശം. സ്പര്‍ശം എന്നുള്ളതു ഓര്‍മ്മകളില്‍ നിന്നും ചികഞ്ഞെടുക്കേണ്ട അനുഭൂതിയായി മാറുന്ന വേളയിലെല്ലാം, ദൃശ്യവും ശ്രവ്യവുമായ അനുഭൂതികളും തേടി ഓര്‍മ്മകളിലേയ്ക്കു കൂപ്പുകുത്തേണ്ടി വരുന്ന കാലത്തെയോര്‍ത്തു ഞാന്‍ ഭയപ്പെട്ടിരുന്നുവെന്നുള്ളതു തീര്‍ച്ച.

അവിശ്രമം ജോലിചെയ്തു നേടിയ അവധിക്കാലങ്ങളിലൊന്നില്‍ കിഴക്കുഭാഗത്തെ കിണറ്റിന്‍ കരയില്‍ ഒട്ടുമുക്കാലും നഗ്നനായി നില്‍ക്കേണ്ടി വന്നതു തീര്‍ത്തും അവിചാരിതമായാണു്. കുളത്തിലെ വെള്ളം മോശമായിരിക്കുന്നു, ജോലിക്കാരനായെന്നു കരുതി ഇത്ര നാണം പാടുണ്ടോ? വന്ദ്യസ്ത്രീജനങ്ങള്‍ ഒരുമിച്ചു ചിരിച്ചു. അമ്മമ്മ പീരക്കായ കൊണ്ടു പുറംതേയ്ക്കുവാന്‍ വന്നെങ്കിലോ, വെറുതെ നാണിച്ചു ഭയന്നു മറുപടിയായി ഞാനും വിഡ്ഢിച്ചിരി ചിരിച്ചു.

ആ അവധിക്കാലത്താവണം ഏടത്തിയെയും മകനെയും കാണുവാനായതു്. അവന്‍ തന്റെ കുഞ്ഞിക്കാലുകള്‍കൊണ്ടു് എന്നെ മര്‍ദ്ദിച്ചുകൊണ്ടേയിരുന്നു. നീയാരാ കംസന്റെ നെഞ്ചത്തു നൃത്തമാടുവാന്‍ പിറന്ന പുതിയ കൃഷ്ണനോ? സഹോദരീപുത്രനു നേര്‍ക്കു ചാരിക്കിടന്നുകൊണ്ടു ചിരിക്കുകയായിരുന്നു. തനിയെ ചിരിക്കുന്നതെന്തിനെന്നു് അന്വേഷിച്ചു ഏടത്തി വന്നു. അവധിക്കാലം കുറച്ചുദിവസത്തേയ്ക്കു കൂടി നീട്ടിയാലെന്തു്? ഏടത്തിക്കും കുടുംബത്തിനും ആ വേനലില്‍ തിരക്കുണ്ടായിരുന്നെന്നു തോന്നുന്നു, അവര്‍ അക്കുറി നേരത്തേ തിരിച്ചു പറക്കുവാന്‍ തയ്യാറെടുക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ മാതുലന്റെ മാറില്‍ ‍അപ്പോഴും താണ്ഡവമാടുന്നു. ഏടത്തി വാദങ്ങള്‍ക്കു നില്‍ക്കാതെ കുഞ്ഞിനെയെടുത്തു നടന്നു, ആ അവധിക്കാലം പാതിവഴിയെത്തും മുമ്പേ അവസാനിപ്പിച്ചു ഞാനും തിരിച്ചു യാത്രപുറപ്പെട്ടു. ആ ഉണ്ണിക്കൈ സ്പര്‍ശം, അവന്റെ ചുവന്ന വിരലുകളിലെ നേര്‍ത്ത നഖങ്ങള്‍ മുഖത്തുണ്ടാക്കിയ ക്ഷതങ്ങള്‍, എന്നിവയെല്ലാം ഏറെക്കാലം സ്പര്‍ശമെന്ന അനുഭൂതിയുടെ പര്യായമായി മനസ്സിലിട്ടുപോന്നു.

പിന്നെയും ഏറെക്കാലത്തിനു ശേഷം കോടിത്തുണിയുടെ മണമുള്ള വടക്കേ അറയില്‍ ‘തെക്കത്തുകാരുടെ’ തൊടിയും നോക്കി ഉച്ചയ്ക്കുറങ്ങാതെ കിടക്കുന്ന ഇടവേള. ജനിസ്മൃതികളുടെ, വെന്ത നാളികേരത്തിന്റെ എണ്ണയുടെ മണമുള്ള കാലത്തേയ്ക്കു നിറംവറ്റിക്കൊണ്ടിരിക്കുന്ന ഉച്ചവെയില്‍ കൂട്ടിക്കൊണ്ടുപോകുന്നു. വല്യമ്മാവന്റെ ഭ്രാന്തുണ്ടായിരുന്ന ഭാര്യ ഏതോ രാത്രിയില്‍, ഇരുപത്തെട്ടിനു കെട്ടിയ പേരമണികളുടെ രക്ഷയില്‍ കിടന്നുറങ്ങുന്ന ശിശുവിനേയും വാരിയെടുത്തു നിലാവത്തേയ്ക്കിറങ്ങി. വയമ്പിന്റെ, പാലൂട്ടുന്ന നേരം കവിളിലേയ്ക്കു് ഒലിച്ചിറങ്ങിയ മുലപ്പാലിന്റെ, ചന്ദനത്തിന്റെ, വെന്ത എണ്ണയുടെ, തെച്ചിയിലകളുടെ മണം വല്യമ്മായിക്കു ചുറ്റും നിറഞ്ഞുനിന്നു. വിസ്മൃതികളില്‍ ആണ്ടുപോയിരിക്കുന്ന അവരുടെ പ്രജ്ഞയിലേയ്ക്കു ഒരിക്കല്‍ അവര്‍ പ്രസവിച്ചിട്ട സേതുവും കുട്ടനും ഉഷയുമെല്ലാം ശിശുക്കളായ് പുനര്‍‍ജ്ജനിച്ചു. മറ്റൊരു മാതൃസ്പര്‍ശത്തില്‍ ശിശുവായ ഞാന്‍ കണ്ണടച്ചുറങ്ങുവാന്‍ തുടങ്ങി.

ഉണ്ണീ, നോക്കൂ ദാ കിണറ്റിലമ്പിളിമാമ്മന്‍. ഇപ്പോള്‍ വാത്സല്യത്തിന്റെ സുരക്ഷയുടെ മുറുകെപ്പിടുത്തമാണു്, ഒരു തുണിത്തൊട്ടില്‍ പോലെ എന്നെയതു സുഷുപ്തിയിലേയ്ക്കു താളമിട്ടൂയാലാട്ടി വാരിയെടുത്തു കൊണ്ടുപോകുന്നു. അതു ഭ്രാന്തിന്റെ സ്പര്‍ശമായിരുന്നുവെന്നു പഴം‌പുരാണങ്ങള്‍ പറയുന്ന ആരോ പറഞ്ഞുകേട്ടു. ഇപ്പോള്‍ തോന്നുന്നു അതങ്ങിനെ ആയിരുന്നില്ലെന്നു്.

മുതുകില്‍ ആരുടെയോ കരസ്പര്‍ശം അനുഭവിച്ചപ്പോള്‍ കണ്ണുതുറന്നു. കുട്ടി വലുതായിരിക്കുന്നു, പുറം വിരിഞ്ഞതു കണ്ടില്ലേ! അമ്മ അതിശയപ്പെട്ടു. ‘ഭാഗത്തില്‍ കിട്ടിയ തോട്ടത്തിലെ മരമെല്ലാം...’ അമ്മ എന്തോ പറഞ്ഞു തുടങ്ങി. അമ്മയുടെ കൈകള്‍ വാരിയെല്ലുകള്‍ക്കു കുറുകെ ചലിച്ചുകൊണ്ടേയിരുന്നു. ഉറക്കം തുടങ്ങുന്നതിനു മുമ്പേ അമ്മയ്ക്കു പറയുവാനുള്ളതു പറഞ്ഞു തീര്‍ന്നിരുന്നു, അവരെഴുന്നേറ്റു പോയി. ഞാന്‍ പിന്നെ ഉറങ്ങിയില്ല.

പണ്ടു് അമ്മമ്മയും അതിനും മുമ്പെപ്പോഴോ വലിയമ്മായിയും താമസിച്ച മുറിയായിരുന്നു വടക്കേയറ. തലമുറകളുടെ ഗന്ധം കോടിത്തുണികള്‍ പ്രതീകാത്മകമായെങ്കിലും നിലനിര്‍ത്തിപ്പോരുന്നു. സ്പര്‍ശം തിരിച്ചെടുക്കാനാവാത്ത വിധം അന്യമായിരിക്കുന്നു.

ഉടുത്തിരിക്കുന്ന ‘ഒന്നര’ തുടകള്‍ക്കൊപ്പം മുകളിലേയ്ക്കു തെരുത്തുവച്ചു് അമ്മമ്മ കാലുകള്‍ നീട്ടിയിരുന്നു. വെന്ത വെളിച്ചെണ്ണയുടെ മണം പരന്നു. വാര്‍ദ്ധക്യം വാതദോഷങ്ങള്‍ വരുത്തിയ കാലുകള്‍ക്കു മുകളില്‍ എണ്ണയുടെ ഗന്ധം പകര്‍ന്ന ഉന്മാദത്തിലെന്നോണം ഉണ്ണി പാതിമയക്കത്തില്‍ കിടന്നു. ഓരോ തവണയും തെച്ചിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചു തീരുമ്പോഴും അവന്‍ ചുവന്നുവന്നു. തലമുറകളില്‍ നിന്നു തലമുറകളിലേയ്ക്കു കോസ്മിക് ഊര്‍ജ്ജം സ്പര്‍ശത്തിലൂടെ നെറുകയിലൊഴിച്ച എണ്ണപോലെ ഊര്‍ന്നിറങ്ങി. ഉണ്ണി എഴുന്നേറ്റു കണ്ണുതുറന്നു നോക്കി, സ്പര്‍ശം നഷ്ടമായിരിക്കുന്നു. അസംഖ്യം ജീവജാലങ്ങള്‍ പരസ്പരം ബന്ധമില്ലാത്ത ഏതോ കൂടുകളിലായി ഒറ്റപ്പെട്ടു പോയിരിക്കുന്നു, അതിലേതോ ഒരു കൂടൊരുക്കിയ ചെറിയ തുരുത്തില്‍ ഒരു ഉണ്ണി മാത്രം. തലമുറകളില്ലാതെ, സ്പര്‍ശമില്ലാതെ.

പിന്നെയെപ്പോഴോ ആശുപത്രി മുറിയുടെ അകത്തളങ്ങളിലേയ്ക്കു ഞാന്‍ തിരികെ വന്നു. വെള്ള ഉടുപ്പിട്ട മനുഷ്യര്‍ വരിവരിയായി എന്നെയും കടന്നുപോയി. അവരാരും തന്നെ എന്നെ സ്പര്‍ശിച്ചതില്ല. വെളുത്ത വിരിയിട്ട എന്റെ കിടയ്ക്കകരുകിലേയ്ക്കു്, അതിനെ ഉള്‍ക്കൊള്ളുന്ന ആശുപത്രി വൃത്താന്തങ്ങളിലേയ്ക്കു് ഒരു പെണ്‍‌കുട്ടി കടന്നുവന്നു. അവളെ ഞാനറിയും, എങ്കിലും ഞാനവളെ ഇതുവരെ സ്പര്‍ശിച്ചിട്ടില്ല, അവളെന്നെയും. ഞാന്‍ ഒന്നുകൂടി ചുമച്ചു, പിന്നെ മുഖം പ്രസന്നമാക്കി അവളോടു പറഞ്ഞു: ദയവായി എന്നെ തൊട്ടിരിക്കൂ. അവള്‍ മറുത്തൊന്നും പറഞ്ഞതുമില്ല.

Click here to get a free 14-day trial of Rhapsody

TRY IT FREE!

posted by സ്വാര്‍ത്ഥന്‍ at 10:47 PM

0 Comments:

Post a Comment

<< Home