Tuesday, October 10, 2006

എന്റെ നാലുകെട്ടും തോണിയും - കണ്ണാടിച്ചില്ലുകള്‍

ടി.വിയില്‍ കാണിക്കുന്ന സിനിമയില്‍, സിനിമാ നടന്‍ മുകേഷിന്റെ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ സീനാണ്. പതിവുപോലെ തന്നെ നര്‍മ്മത്തില്‍ ചാലിച്ച, കൈയിലെ പതിവ് നമ്പറുകള്‍ കൊണ്ട് കള്ളവേഷം കെട്ടുന്ന ഒരു പ്രണയാഭ്യര്‍ത്ഥന.

വിനു പതിയേ എഴുന്നേറ്റു. ഇനി വരുന്ന ഭാഗം എന്താണെന്ന് അറിയാം. അനവധി തവണ കണ്ടതല്ലേ? സിനിമ കാണുമ്പോള്‍ കാലുകള്‍ പൊക്കി വെച്ചിരുന്ന ചെറിയ മേശമേലും, കതകിലും ഒന്ന് താളം പിടിച്ച് അലക്ഷ്യമായി കുളിമുറിയിലേക്ക് നടന്നു. പോകരുതെന്ന് ആയിരം തവണ മനസ്സ് പറഞ്ഞിട്ടും, പോകാതിരിക്കുവാന്‍ കഴിയുന്നില്ല. കുളിമുറിയിലെ ആള്‍പ്പൊക്കത്തിലുള്ള കണ്ണാടിയില്‍ നോക്കി നിര്‍ന്നിമേഷനായി നിന്നു കുറച്ച് നേരം. പതിയേ, പൊട്ടിയ ചില്ലുകള്‍ക്കരികിലൂടെ വളരെ സൂക്ഷിച്ച് വിരലുകളോടിച്ച് നോക്കി.

നടുവേയാണ് കണ്ണാടിച്ചില്ല് പൊട്ടിയിരിക്കുന്നത്. ചില്ലിനുമുകളിലൂടെ വേരുകള്‍ പോലെ പടര്‍ന്ന പൊട്ടലുകള്‍. ചെറുതും വലുതുമായ അന്‍പത് ചില്ല് കഷ്ണങ്ങള്‍. എണ്ണിനോക്കിയിട്ടുണ്ട്. പൊട്ടിയിട്ടുണ്ടെങ്കിലും അരികിലെ ഒരു കഷ്ണണമല്ലാതെ ഒന്നും താഴെ വീണിട്ടില്ല. അടര്‍ന്ന് വീണ ഒരു കഷ്ണം വിനു ഒട്ടിച്ചു ചേര്‍ത്തതാണ്. പൊട്ടിയ വരകളിലൂടെ വിരലുകള്‍ അമര്‍ത്തണമെന്ന് തോന്നിയെങ്കിലും കഴിഞ്ഞ പ്രാവശ്യത്തെ വിരല്‍ത്തുമ്പിലെ മുറിവുകള്‍ ഉണങ്ങി വരുന്നതേയുള്ളൂ.

ചെറുതും വലുതുമായ വ്യത്യസ്തമായ മുഖങ്ങള്‍. വിനു കണ്ണാ‍ടി നോക്കി നിര്‍വ്വികാരനായി ചിരിച്ചു.

“മുഖം നോക്കുന്ന കണ്ണാടി പൊട്ടിയാല്‍ ഏഴുകൊല്ലത്തേക്ക് ദുരിതമാണ് വിനൂ”. ആയമ്മ ഒരിക്കല്‍ പറഞ്ഞതാണ്.

“അതെന്താ ആയമ്മേ?”

“അതെന്താന്നൊന്നും എനിക്കറിയില്ല. പക്ഷെ അങ്ങിനെയാണ്. നീ ഇത് പൊട്ടിക്കരു‍ത്.”

വിനുവിന്റെ ചോദ്യങ്ങള്‍‍ക്കൊന്നും ഉത്തരമില്ലാത്ത ആയമ്മ. ഉത്തരങ്ങളില്ലാത്ത പിന്നേയും ഒരുപാടു പേര്‍. ആയമ്മയുടെ മുറിക്കരികേയുള്ള ചുവരിടുക്കില്‍ അടുക്കിവെച്ചിരിക്കുന്ന ഉത്തരം തരാന്‍ കഴിയാത്ത ചിത്രങ്ങളും വിഗ്രഹങ്ങളും. ആയമ്മയും കണ്ണടച്ച് കൈകൂപ്പിയിരിക്കുമ്പോള്‍ വിഗ്രഹം പോലെ തന്നെ. എന്തെല്ലാമോ പിറുപിറുക്കുന്ന പതിയേ അങ്ങോട്ടുമിങ്ങോട്ടും ചെറിയ കാറ്റത്തെന്ന പോലെ ആടുന്ന, മുഖം നിറയേ കുഴികളുള്ള കറുത്ത വിഗ്രഹം.

“എല്ലാവരും അനങ്ങാതെ ഒരു വിഗ്രഹം പോലെയിരിക്കണം. എന്നിട്ട് ഞാന്‍ ത്രീയെന്ന് പറായുമ്പോള്‍ ഒരുമിച്ച് ചിരിക്കണം.” കൈയില്‍ നീളമുള്ള കുഴലുപോലുള്ള ക്യാമറുമായി ഒരാള്‍ മുന്നില്‍ നിന്ന് ആജ്ഞാപിക്കുകയാണ്.

ഈ കൊല്ലം വിനുവിന് ചിരിക്കുവാന്‍ തോന്നിയില്ല. എല്ലാക്കൊല്ലവും പുസ്തകകെട്ട് പോലെ അടുക്കിനിറുത്തി, ചിരിക്കുന്ന വിഗ്രഹങ്ങളുടെ പടം പിടിക്കാന്‍ വരുന്ന ആരോ ഒരാള്‍. ആര്‍ക്കല്ലാമോ ആയച്ചു കൊടുക്കാനാണത്രെ. ദൂരെ, ഈ ഗതി തങ്ങള്‍ക്ക് വന്നില്ലല്ലോയെന്ന് മനസ്സില്‍ അറിയാതെ സന്തോഷിച്ച്, ഫോട്ടോ നോക്കി സഹതാപം പൊഴിക്കുന്ന ആളുകളെ അവന്‍ ഓര്‍ത്തുനോക്കി. അന്നേരം പുച്ഛമാണവന് മുഖത്ത് വന്നത്. കട്ടിയുള്ള പുറംചട്ടയുള്ള പുസ്തകങ്ങള്‍. വികാരമില്ലതെ ആര്‍ക്കോ വേണ്ടി ചിരിക്കുന്ന ചെറിയ വിഗ്രഹങ്ങള്‍.

“ചിരിക്കൂ. ആ നീല വരയുള്ള ഷര്‍ട്ടിട്ട കുട്ടിയെന്താ കല്ല് പൊലെയിരിക്കുന്നെ?”

എല്ലാവരും ചിരിക്കണമെന്ന് നിര്‍ബന്ധമാണ്. ആത്മാവു നഷ്ടപ്പെട്ട വിഗ്രഹങ്ങള്‍ ചിരിക്കുമൊ? തിരിച്ച് ചോദിക്കണമെന്ന് തോന്നി. സഹതപ്പിക്കാന്‍ തയ്യാറായിരിക്കുന്നവര്‍ അതൊന്നും പക്ഷെ കാണരുതല്ലോ. കൊത്തുപണികള്‍ കൊണ്ട് ഭംഗിയായിക്കിയായ ഏതെങ്കിലും മുന്തിയ തടിയുടെ തട്ടില്‍ ചില്ലിട്ട് പറ്റിപ്പിപിടിച്ചിരിക്കേണ്ടവര്‍. ആഘോഷങ്ങള്‍ നടക്കുന്ന ഏതെങ്കിലും തണുത്ത കാറ്റുള്ള മുറിയിലെ കലണ്ടറില്‍ നിന്ന് ചിരിക്കേണ്ടവര്‍.

പിന്നീടൊരു വര്‍ഷവും അയാള്‍ വരുമ്പോല്‍ അവന്‍ ചിരിച്ചിട്ടില്ല.

“ഇതെന്താ ഈ വിനുവേട്ടന് ഇത്രെം ഗൌരവം? ഞാനൊരു കാര്യം ചോദിച്ചിട്ട് കേള്‍ക്കാത്ത പൊലെ...”

കണ്ണുകള്‍ താഴ്ത്തി വിനുവിരുന്നു. മുന്നിലിരുന്നവള്‍ ചിണുങ്ങുകുയാണ്.

“ഞാന്‍ എന്തു പറയനാ?”

“വിനുവേട്ടനു അമ്മയെ കാണുമ്പോ‍ള്‍ തന്നെ മനസ്സിലാവൂട്ടൊ. ഞാന്‍ അമ്മയുടെ തനി പകര്‍പ്പാണ്. എന്റെ കണ്ണുകളും നെറ്റിയും ചിരിയുമൊക്കെ. അമ്മേടെ പഴയ് ഫോട്ടൊ കണ്ടാല്‍ എന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ആണെന്നേ തോന്നുള്ളൂ.”

വിനുവിന്റെ കൈയെടുത്ത് തലോടി, അവന്റെ തൊലിപ്പുറത്തെ നാണയത്തുട്ടുപോലെ പടര്‍ന്ന മറുകില്‍ മുഖമമര്‍ത്തി അവള്‍ പിന്നേയും ചിണുങ്ങകയാണ്.

“ആരുടേതാ, അച്ഛന്റേയോ അമ്മേടേയൊ ഈ മറുക്?”

ഇനിയും പറയാതെയിരിക്കാന്‍ വയ്യ. പറയണം.

“അറിയില്ല.”

“ഏ? അതെന്താ അറിയാത്തെ? അവര്‍ക്കില്ലേ? ഇതുപോലുള്ള മറുകൊക്കെ മിക്കവാറും ആരെങ്കിലുടേയും കിട്ടുന്നതാണ്.” ഒരു കണ്ടുപിടുത്തം പോലെ അവള്‍ പ്രസ്താവിച്ചു.

“അവര്‍ക്കുണ്ടോന്ന് അറിയില്ല.”

കൈകളില്‍ നിന്ന്‍ മുഖമുയര്‍ത്തി അവള്‍ സന്ദേഹത്തോടെയൊന്ന് നോക്കി.

“ഏതു നേരവും കടങ്കഥയിലൂടേ സംസാരിക്കാവൂന്ന് നിര്‍ബന്ധം ഉണ്ടൊ?”
അവളില്‍ നിന്ന് കൈ വലിച്ച് അവന്‍ അവളിലേക്ക് ചേര്‍ന്നിരുന്നു. അവളുടെ മുഖം രണ്ട് കരങ്ങളിലും കോരി, അവളുടെ കണ്ണുകളിലേക്ക് തറപ്പിച്ച് നോക്കി.

അവള്‍ പരിഭവത്തോടെ പുറകോട്ട് തല ചായ്ച്ചു മുഖം വിടുവിച്ചു.

“മതി വിനൂ, നീയെന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തരുന്നില്ലല്ലൊ...”

“ഉത്തരമില്ലാത്ത ഈ ചോദ്യങ്ങള്‍ ഞാനും അനവധി തവണ ചോദിച്ചിട്ടുണ്ട്. എനിക്കറിയില്ല. ”

അമ്മയില്‍ നിന്നു കിട്ടിയ അവളുടെ നീണ്ട ഭംഗിയുള്ള വിരലുകളെ ഒരു കച്ചിത്തുരുമ്പ് പോലെ അവന്‍ ഇറുക്കെപിടിച്ചു.

“എന്റെ കണ്ണുകള്‍ ആരുടേതെന്ന് എനിക്കറിയില്ല. എന്റെ ഈ ശബ്ദം ആരുടേതെന്ന് എനിക്കറിയില്ല. എന്റെ നഖത്തിന്റെ ഈ ആകൃതി ആരുടേതെന്ന് എനിക്കറിയില്ല. ” അവന്റെ ശബ്ദം ഇടറിയിരുന്നു.

അവള്‍ ഭയന്ന് പുറകോട്ട് മാറി. അവനെ സൂക്ഷിച്ച് നോക്കി അവള്‍ കൈകള്‍ വിടുവിച്ചു. ധൃതിയില്‍ എഴുന്നേറ്റ് താഴെ കിടന്നിരുന്ന സഞ്ചിയും കുടയും അവള്‍ എടുത്തു.

“വിനൂ ഞാന്‍...”

ജീവിതം മുഴുമിപ്പിക്കാതെ അവള്‍ തിരിഞ്ഞു നടന്നു. ഒന്ന് തിരിഞ്ഞുപോലും നോക്കാതെ, കാലുകള്‍ പതിവിലും വേഗത്തില്‍ ചലിപ്പിച്ച്.

മുറിയില്‍ തിരിച്ച് വന്നപ്പോള്‍ അവള്‍ ഒരിക്കല്‍ സമ്മാനം തന്ന പേപ്പര്‍വെയിറ്റാണ് കണ്ണില്‍ പെട്ടത്. യുഗാന്തരങ്ങളായുള്ള നമ്മുടെ പ്രണയത്തിന് -- അതില്‍ കൊത്തിയിരുന്നതങ്ങിനെ.

ആ പേപ്പര്‍വെയിറ്റ് കൊണ്ട് തന്നെ വിനു അന്ന് മുഖം നോക്കുന്ന കണ്ണാടി പൊട്ടിച്ചു. ച്ഛിന്നഭിന്നമായ കഷ്ണങ്ങളില്‍ അവന്‍ പല മുഖങ്ങള്‍ തേടി. വേരുകള്‍ പോലെ പൊട്ടിയ കണ്ണാടിച്ചില്ലുകളില്‍ അവന്‍ വിരലുകള്‍ കൊണ്ട് തേടിയലഞ്ഞു. വിരലുകള്‍ മുറിഞ്ഞ്, വേരുകളില്‍ രക്തനിറം പടര്‍ന്നു. രക്തബന്ധത്തിന്റെ വേരുകള്‍.

മുറിവിലെ നീറ്റലില്‍ അവന്‍ ഭ്രാന്തനേപ്പോലെ അട്ടഹസിച്ചു.

“ഈ ചിരി ആരുടേതായിരി‍ക്കും?” അവന്‍ കണ്ണാ‍ടിയോട് അലറി.

മുമ്പില്‍ കാണുന്ന മുറിഞ്ഞ രൂപങ്ങളിലൊന്ന് തന്റെ ശബ്ദത്തിന്റെയാവണം. മറ്റൊന്ന് തന്റെ കണ്ണുകളുടെ ഉടമയുടെ. രക്തം പുരണ്ട കണ്ണാ‍ടിയില്‍ വീണ്ടും സൂക്ഷിച്ചു നോക്കുമ്പോള്‍ തേടി നടന്നിരുന്ന ഉത്തരങ്ങള്‍ക്കൊരറുതി. തന്റെ മുന്‍പില്‍, തനിക്കും മുന്‍പേ നടന്നവര്‍. തന്നെ ഇവിടെ വരെ എത്തിച്ചവര്‍, വഴിയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുമ്പോള്‍ തന്റെ മുഖം മായ്ച്ച് കളഞ്ഞവര്‍.

ടിവിയില്‍ ഇപ്പോള്‍ ഗാനരംഗമാണ്. മുകേഷിന്റെ പ്രണയാഭ്യര്‍ത്ഥന ഫലിച്ചിരിക്കുന്നു. നായകന്‍ അനാഥനാണെന്നതില്‍ പെണ്ണ് സഹതാപം കൊണ്ട് വീണിരിക്കുന്നു.

posted by സ്വാര്‍ത്ഥന്‍ at 5:43 PM

0 Comments:

Post a Comment

<< Home