Tuesday, September 26, 2006

എന്റെ നാലുകെട്ടും തോണിയും - ഒരു റഷ്യന്‍ നഷ്ട സ്വപ്നം!

ജോലിയുടെ ഭാഗമായി രണ്ട് കൊല്ലക്കാലത്തോളം റഷ്യയുടെ കൊടും തണുപ്പില്‍ അന്നം തേടേണ്ടി വന്നു എന്റെ അപ്പന്. ശ്വാസം വിടാന്‍ വേണ്ടി മാത്രം തുളയുള്ള, മുഖം മൊത്തം മൂടുന്ന മുഖംമൂടി ധരിച്ചാലും, മീശയില്‍ പോലും മഞ്ഞ് അടിഞ്ഞ് ഉറച്ച് പോകുമെന്ന് അപ്പന്‍ പറഞ്ഞ് കേട്ടിട്ടുണ്ട് റഷ്യന്‍ തണുപ്പിനെ പറ്റി. അപ്പന് ‍കുറച്ചധികം തണുത്താല്‍ എന്താ, അതുകൊണ്ട് ഒരു ഗുണം ഉണ്ടായി.

അപ്പന്‍ റഷ്യന്‍ പഠിച്ചു. നന്നായി തന്നെ വായിക്കുവാനും എഴുതുവാനും പഠിച്ചു. എന്തും പെട്ടെന്ന് പഠിക്കുന്ന, എപ്പോഴും എന്തെങ്കിലും പുതിയത് പഠിച്ച് കൊണ്ടിരി‍ക്കുണമെന്ന് ആഗ്രഹമുള്ള (ഈ മകളെപ്പോലെയല്ലാ‍ത്ത) അപ്പന് ഒരു കാര്യമായ ദു:ശ്ശീലമുണ്ടായിരുന്നു. എന്തു അറിവ് കിട്ടിയാലും അതുടനെ എല്ലാ മക്കള്‍ക്കും, പ്രത്യേകിച്ച് എനിക്ക് പകര്‍ന്ന് തരണം എന്ന അതിഭയങ്കരമായ ദുരാഗ്രഹം.

അതുകൊണ്ട് തന്നെ വേനലവധിക്കാലത്ത് അപ്പന്‍ വീട്ടിലുണ്ടാവരുതേയെന്ന് ഞങ്ങള്‍ മക്കള്‍ എപ്പോഴും ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു. വേനലവധി വെറുതെ ടി.വി-യുടെ മുന്നിലും കഥാപുസ്തകങ്ങളുടെ ഇടയിലും കുത്തിതിരുകുവാനുള്ളതല്ല, എന്തെങ്കിലും പ്രയോജനപരമായി ചെയ്യണമെന്ന് ഞങ്ങളോട് ഉപദേശരൂപേണേയും അല്ലാത്തപ്പോള്‍ ദേഷ്യപ്പെട്ട് നിര്‍ബന്ധിച്ചും ‘അപ്പന്‍ കടമകള്‍’ ചെയ്തുകൊണ്ടിരുന്ന അപ്പനില്‍ നിന്നും എപ്പോഴും രക്ഷപ്പെടുത്തുന്നത് അമ്മയായിരുന്നു.

അവര് പിള്ളേരല്ലെ? അവരുടെ വെക്കേഷന്‍ സമയമല്ലെ? പരീക്ഷ കഴിഞ്ഞ് കുറച്ച് സാവകാശം കൊടുത്തൂടെയെന്നൊക്കെ അമ്മ ഞങ്ങളെ കാര്യമായിത്തന്നെ പിന്താങ്ങിയിരുന്നത് കൊണ്ട് മാത്രം, പേരമരത്തില്‍ തലകീഴായി തൂങ്ങി കിടന്നും, സണ്‍ഷേഡില്‍ മണ്ണപ്പം ചുട്ടും, അയല്‍വക്കക്കാരുടെ ഉണങ്ങാനിട്ടിരുന്ന തുണികളില്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കുമ്പോള്‍ വെള്ളം തെറിപ്പിച്ചും, ടി.വിയില്‍ കണ്ണുകള്‍ ഉറപ്പിച്ചും അവധിക്കാലം ചിലവഴിക്കാന്‍ പലപ്പോഴും സാധിച്ചു.

എന്നാലും അപ്പനുണ്ടോ വിടുന്നു? കേരളത്തില്‍ ഒരു കൊല്ലം മാത്രം നിലനിന്നിരുന്ന ഡി.ഇ.പി.പി(?) മോഡലില്‍ ഞങ്ങളെ പിന്നേയും ശിക്ഷിക്കാന്‍ തന്നെ തീരുമാനിച്ചുറപ്പിച്ച്, ഒരു വൈകുന്നേരം റഷ്യന്‍ പരിപാടികള്‍ കാണിക്കുവാന്‍ എല്ലാവരേയും കെട്ടിപ്പറുക്കി കൊണ്ട് പോയി. മെലിഞ്ഞ് കൊലുന്നനെ, അരയൊപ്പം നില്‍ക്കുന്ന സ്വര്‍ണ്ണ നിറമുള്ള തലമുടി രണ്ട് സൈഡിലും മെടഞ്ഞ് ഇട്ടിരുന്ന, റഷ്യന്‍ മാലാഖ സുന്ദരികളെ കണ്ട് വാ പൊളിച്ചിരുന്ന എനിക്ക് അപ്പന്‍ റഷ്യന്‍ ഭാഷയില്‍ ചെവിയില്‍ കുറച്ച് വാ‍ക്കുകള്‍ ഓതിത്തന്നു. കൂട്ടം കൂടി നിന്നിരുന്ന കുറച്ച് റഷ്യക്കാരെ ചൂണ്ടി കാണിച്ച്, ഓടിപ്പോയി ദേ അവരോട് അതൊന്ന് പറയൂയെന്നും പറഞ്ഞു പതുക്കെ എന്നെ തള്ളി വിട്ടു.

ചുവന്ന നിറയെ ഞൊറികളുള്ള നീളന്‍ പാവാടയും, വെള്ള ബ്ലൌസില്‍ കയ്യില്‍ ഞൊറികള്‍ പിടിപ്പിച്ച, അറ്റത്തെല്ലാം ചുവന്ന പൈപ്പിങ്ങും പിടിപ്പിച്ച്, ചിരിക്കുമ്പോള്‍ രണ്ട് ചുവന്ന കവിളിലും നുണക്കുഴികള്‍ വിരിഞ്ഞിരുന്ന ഒരു സുന്ദരി മദാമ്മയുടെ (അന്ന് എനിക്കെല്ലാ മദാമ്മയും cinderella ആയിരുന്നു) അടുത്ത് ചെന്ന് വെടിപൊട്ടിക്കുമാറ്
"സദ്രാവസ്തിയൊ" (how are you? ആണെന്ന് തോന്നുന്നു) അങ്ങിനെ എന്തോ പറഞ്ഞു. കണ്ണുകള്‍ മിഴിച്ച് അവരുടെ കാല്‍മുട്ട് വരെ മാത്രം നീളവും എന്തോ വലിയ കാര്യം ചെയ്ത് എന്ന് മുഖഭാവവുമുള്ള എന്നെ നോക്കി അവര്‍ തിരിച്ചെന്തോ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. എന്റെ കവിളില്‍ കുനിഞ്ഞു ഒന്ന് തലോടുകയും ചെയ്തു. ഒന്നും മനസ്സിലാവതെ പല്ലെല്ലാം കാണ്‍കെ ഒരു വലിയ ചിരി ചിരിച്ചിട്ട് സിന്‍ഡ്രല്ലായുടെ തലോടല്‍ കിട്ടിയ ആവേശത്തില്‍ അപ്പന്റെ മടിയിലോട്ട് ഓടിചെന്ന് ചേക്കേറി.

പിന്നേയും ഏതൊ വാക്കുകള്‍ അന്ന് അപ്പന്‍ പറഞ്ഞ് തരുകയും അതെല്ലാം അവിടെവിടെ പല പല സ്റ്റാളുകളിലും നൃത്ത പരിപാടിക്കായും നിന്നിരുന്ന റഷ്യന്‍ സായിപ്പിന്റേയും മദാമ്മകളുടെയും അടുത്ത് ചെന്ന് വെടി പൊട്ടിക്കുമാറ് പറഞ്ഞു സായൂജ്യം പൂണ്ടു. റഷ്യക്കാരെ കാട്ടി പ്രലോഭിപ്പിക്കാമെന്ന എന്റെ അപ്പന്റെ വ്യാമോഹത്തിന് ഫുള്‍സ്റ്റോപ്പ് വന്നത്, അപ്പന്‍ ഭാഷ പഠിച്ചൊ...പക്ഷെ എനിക്ക് ദേ അവര് ചെയ്യുന്ന പോലത്തെ നാടോടി നൃത്തം പഠിച്ചാല്‍ മതിയെന്നും പറഞ്ഞ് വാശി പിടിച്ച് കരഞ്ഞ് തളര്‍ന്ന് ഉറങ്ങിയ എന്നില്‍ അവസാനിച്ചു.

എഴുതരുതെന്ന് പലപ്പോഴും മനസ്സില്‍ വിചാരിച്ചിട്ടും ഇതെഴുതിയത്, ആ മനോഹരമായ വൈകുന്നേരത്തെ ഓര്‍മ്മകള്‍, ഇടക്കിടെ ഇവയിലൂടെ കണ്ണോടിക്കുമ്പോള്‍ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്ന ഗുരുജിയുടെ റഷ്യന്‍ പോസ്റ്റുകളാണ്.

posted by സ്വാര്‍ത്ഥന്‍ at 9:22 PM

0 Comments:

Post a Comment

<< Home