Tuesday, September 26, 2006

എന്റെ നാലുകെട്ടും തോണിയും - സ്റ്റാന്റ് അപ്പ് കൊമേഡിയന്‍

ഇന്ന് ഈ കഥയിലെ നായകന്റെ സ്റ്റാന്റ് അപ്പ് കോമഡിയുണ്ട്. അതിനു വേണ്ടി അദ്ദേഹം കാര്യമായ ഒരുക്കത്തില്‍ തന്നെയാണ്. ഇന്ന് ഒരുപാട് പേരു വരുന്നുണ്ട് ഇത് കാണാനും കേള്‍ക്കാനും പൊട്ടിപൊട്ടി ചിരിക്കാനും.

കൊമേഡിയന്‍ ആണെങ്കിലും കോട്ടും സൂട്ടും ഒക്കെ ഇട്ട് വളരെ ഫോര്‍മല്‍ ആയിത്തനെ വസ്ത്രം ധരിക്കണമെന്നാണ് ഏജന്‍സിയുടെ കീഴ് വഴക്കം. അതുകൊണ്ട് ഏറ്റവും ഫോര്‍മല്‍ ആയ കറുത്ത നിറത്തിലുള്ള സൂട്ട് തന്നെയാണ് മിക്കവാറും അദ്ദേഹത്തിന്റെ വേഷം. ഇന്ന് കറുത്ത സൂട്ടിന്റെ കൂടെ നീല ടൈയും തിരഞ്ഞെടുത്തു. വേഷം തൃപതികരം.

ഇന്നത്തെ കോമഡി സ്ക്രിപ്റ്റു എടുത്ത് അദ്ദേഹം ഒന്ന് മറിച്ച് നോക്കി. കണ്ണാടിയില്‍ നോക്കി വായിച്ചതൊക്കെ ഒന്ന് ഉരുവിട്ട് നോക്കി. സ്വയം എഴുതിയ ആ തമാശകള്‍ കേട്ട് ചിരിയടക്കാന്‍ കഴിയുന്നില്ല. സ്റ്റേജില്‍ കയറുമ്പോള്‍ ഒട്ടുമേ ചിരിക്കാതെ മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ പറയണം. തമാശ പറയുന്ന ആള്‍ തന്നെ ആദ്യം ചിരിച്ചാല്‍ എല്ലാം കുഴയും. ആ പറയുന്നതിന്റെ ശരിയായ എഫക്റ്റ് കിട്ടുകയുമില്ല. പറഞ്ഞു കഴിഞ്ഞതിന് ശേഷം കാണികള്‍ എല്ലാവരും ആര്‍ത്ത് ചിരിക്കുമ്പോള്‍ പതുക്കെ ഒരു പുഞ്ചിരിയാവാം. കാണികളെ കയ്യിലെടുത്തുവെന്ന് അറിയുമ്പോഴുള്ള ഒരു പുഞ്ചിരി.

കരുതുന്നതോ കാണുന്നതോ പോലയല്ല, വളരെ വിഷമം പിടിച്ച ജോലിയാണിത്. ആദ്യം തന്നെ നല്ല വായനാശീലം വേണം. സമകാലിക കാര്യങ്ങളുമായി നല്ലയൊരു സമ്പര്‍ക്കവും വേണം. കാരണം മിക്ക തമാശകളും ലോകത്ത് നിത്യേന മാറി മാറി നടക്കുന്ന സമകാലിക സംഭവങ്ങളുമായി കൂട്ടിക്കുഴച്ച് വേണം ഇതിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കാന്‍. മാത്രവുമല്ല, നല്ലൊരു പഞ്ച് ലൈനും വേണം. കുറിക്കുകൊള്ളുന്ന ഈ വരിയിലാണ് കാണികളെ കയ്യിലെടുക്കേണ്ടത്. അതിലാണ് അവര്‍ ആര്‍ത്തട്ടഹസിച്ച് ചിരിക്കേണ്ടത്. ശമ്പളത്തേക്കാളുപരി, ആ ചിരികളുടെ അലയടിക്കുന്ന മുഴക്കമാണ് ഈ ജോലിയുടെ സംതൃപ്തിയും.

കുറച്ച് വര്‍ഷങ്ങളായി ഇദ്ദേഹം ഈ ജോലി തുടങ്ങിയിട്ട്. സ്റ്റാന്റ് അപ്പ് കോമഡിയില്‍ അഗ്രഗണ്യനാണെന്നും ഇദ്ദേഹത്തെ വെല്ലാന്‍ ആരുമില്ലെന്നും ഒക്കെ പത്രങ്ങള്‍ പലതും എഴുതുന്നുണ്ടെങ്കിലും ഏത് പരിപാടി തുടങ്ങുന്നതിനു മുമ്പും ഈയൊരു അങ്കലാ‍പ്പ് പതിവുള്ളതാണ്.
അടുത്തിരുന്ന ഗ്ലാസ്സിലെ വെള്ളം മൊത്തം കുടിച്ച് തീര്‍ത്ത്, ശ്വാസം ആഞ്ഞൊന്നു വലിച്ചു. മനസ്സിലെ ടെന്‍ഷന്‍ ചെറുതായിയൊന്ന് കുറഞ്ഞതുപോലെ. എന്തായാലും ഇനി പരിപാടി തുടങ്ങുവാന്‍ പത്ത് മിനുട്ട് മാത്രം ബാക്കി.

സ്റ്റേജിലേക്ക് സഹപ്രവര്‍ത്തകര്‍ ആനയിച്ചു. അദ്ദേഹത്തെ കണ്ടതും നീണ്ടു നിന്ന കരഘോഷം
അദ്ദേഹത്തിന്റെ പ്രശസ്തി ഊട്ടിയുറപ്പിക്കുന്നു.

“വീ അറ്റ് യു.എന്‍ ഹാവ് ആസ്കഡ് ഇസ്രയേല്‍ റ്റു സ്റ്റോപ്പ് ബോംബിങ്ങ് ലെബനണ്‍” - സ്ക്രിപറ്റിലെ ആദ്യത്തെ പഞ്ച് ലൈന്‍ അദ്ദേഹം ഉരുവിട്ടു.

അവിടെ കൂടിയിരുന്ന കാണികളും, തത്സ്മയ പരിപാടിയുടെ സംപ്രേഷണം കണ്ട്കൊണ്ടിരുന്ന ജനകോടികളും അത് കേട്ട് ആര്‍ത്തു ചിരിച്ചു.

കാണികളിലൊരാള്‍ കയ്യിലിരുന്ന ടിക്കറ്റ് ഒന്ന് മറിച്ച് നോക്കി.

- യു. എന്‍ പ്രെസ്സ് പാസ്സ്
കോഫി അന്നന്‍ പ്രെസ്സ് കവറേജ് -

posted by സ്വാര്‍ത്ഥന്‍ at 9:22 PM

0 Comments:

Post a Comment

<< Home